മുംബൈ: ഫോര്‍മാറ്റുകളിലെ വ്യത്യാസം ഇല്ലാതെ വൈഭവം തുടരുകയാണ് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്‍. മുന്നിലേക്ക് പന്ത് വന്നാല്‍ അടിച്ചു പറത്താന്‍ മാത്രമാണ് ശ്രമിക്കാറെന്ന് പറയുന്നത് സഞ്ജുവാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് യഥാര്‍ത്ഥ്യമാക്കുന്നത് വൈഭവാണ്. തന്റെ പ്രതിഭ വിലാസം വൈഭവ് തുടരുമ്പോള്‍ തകര്‍ന്നു വീഴുന്നതാകട്ടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പല പ്രമുഖരുടെയും റെക്കോര്‍ഡുകളാണ്.

ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്‍ തകര്‍ത്താടുന്നതെന്ന് പലരും കരുതി. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഇല്ലേയില്ല. അവന്റെ ക്രിക്കറ്റിങ് വൈഭവം ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ്.ടെസ്റ്റായാലും എകദിനമായാലും ടി ട്വന്റിയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാം എന്നായി അവസ്ഥ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവന്‍ഷി. ഇടം കൈയന്‍ ബാറ്റ്സ്മാനായ വൈഭവ് 12 വയസും 284 ദിവസവും ഉള്ളപ്പോഴാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. മുംബൈക്കെതിരേ രഞ്ജി ട്രോഫിയിലൂടെയാണ് വൈഭവിന്റെ അരങ്ങേറ്റം. യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെയെല്ലാം റെക്കോഡാണ് വൈഭവ് തകര്‍ത്തത്. സ്ഥിരതയും ഫിറ്റ്നസും നിലനിര്‍ത്തിയാല്‍ വലിയ ഇതിഹാസമാവാന്‍ വൈഭവിന് സാധിച്ചേക്കും.

പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് അച്ഛന്‍.. ജോലി ഉപേക്ഷിച്ച് മകന് പിന്നാലെ

വൈഭവിന്റെ അച്ഛന്‍ തന്നെയാണ് മകന്റെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞതും പിന്തുണച്ചതും. നാലാം വയസില്‍ തന്നെ വൈഭവിന്റെ കഴിവ് തിരിച്ചറിയാന്‍ അച്ഛനായി. ഈ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹം നല്‍കിയ പിന്തുണയും പരിശീലനം നടത്താനുള്ള സൗകര്യവുമാണ് യുവതാരത്തിന് ഇത്ര വേഗത്തില്‍ വലിയ കരിയര്‍ നേടിക്കൊടുത്തത്. അച്ഛനെക്കുറിച്ച് വൈഭവ് തന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ... 'എന്റെ പിതാവ് ഒരു കൃഷിക്കാരനാണ്. എന്റെ ക്രിക്കറ്റിലെ താല്‍പര്യം തിരിച്ചറിഞ്ഞ് ഒരു ചെറിയ ഗ്രൗണ്ട് എനിക്കായി നിര്‍മ്മിച്ച് നല്‍കി.

അവിടെയാണ് ഞാന്‍ പരിശീലനം നടത്തിയത്. എന്റെ അയല്‍ക്കാരായ ചില സുഹൃത്തുക്കളും പരിശീലനത്തിനുണ്ടായിരുന്നു. അവരെ വിളിച്ച് എനിക്ക് പന്തെറിഞ്ഞ് നല്‍കാന്‍ അച്ഛനാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. അവിടെ നിന്ന് തുടങ്ങിയതാണ് ഇന്ന് ഇവിടെ എത്തിയത്. അച്ഛന്‍ തന്നെ ധൈര്യമാണ് ഇതുവരെയുള്ള വളര്‍ച്ചക്ക് ആത്മവിശ്വാസം നല്‍കിയത്'.




ഇവിടം കൊണ്ടും തീരുന്നതല്ല വൈഭവിന്റെ പിതാവിന്റെ സാഹസങ്ങള്‍. വൈഭവിന്റെ ഈ കഥ പറയുമ്പോള്‍ ജോലി ഉപേക്ഷിച്ച് മകന്റെ സ്വപ്നത്തിനൊപ്പം നടന്ന ഒരു അച്ഛന്റെയും ഉറക്കം പോലും വേണ്ടന്നുവെച്ച ഒരമ്മയുടെയും കഥകൂടിയാകുമത്...ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം.നാലാം വയസ്സില്‍ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകന്‍. ഒമ്പതാം വയസ്സില്‍ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു.പിന്നീടുള്ള സൂര്യവംശിയുടെ വളര്‍ച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു.മകന്റെ അസാമാന്യമായ വളര്‍ച്ച കണ്ട കര്‍ഷകനായ സഞ്ജീവ് സൂര്യവംശി ഒരു സുപ്രഭാതത്തില്‍ കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്ന തന്റെ കൃഷിയിടം മുഴുവന്‍ വിറ്റു.കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി

അവരോടെല്ലാം സഞ്ജീവ് പറഞ്ഞത് ഒരേ മറുപടിയായിരുന്നു ഇതെന്റെ മകനു വേണ്ടിയാണ്, അവന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടിയാണ്. തനിക്ക് സാധിക്കാതെ പോയ ക്രിക്കറ്റര്‍ ആകുകയെന്ന സ്വപ്നം കൂടിയാണ് തന്റെ മകനെ പ്രൊഫഷണല്‍ ക്രിക്കറ്ററാക്കുന്നതിലൂടെ ഈ പിതാവ് യാഥാര്‍ത്ഥ്യമാക്കുന്നത്.റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ച ഐ പി എല്‍ ഇന്നിങ്ങ്‌സിന് ശേഷമാണ് വൈഭവ് തന്റെ രക്ഷിതാക്കളെക്കുറിച്ച് തുറന്ന് പറയുന്നത്.തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന് പറയുകയാണ് വൈഭവ്.ഞാന്‍ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാല്‍ എന്റെ അമ്മ നേരത്തെ എഴുന്നേല്‍ക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നു.രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേല്‍ക്കും. അവര്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ.'- വൈഭവ് പറഞ്ഞു.എന്റെ അച്ഛന്‍ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ എന്റെ ജ്യേഷ്ഠനാണ് അത് നോക്കുന്നത്.ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു.അച്ഛന്‍ എന്നെ പിന്തുണച്ചു.എനിക്ക് അത് നേടാന്‍ കഴിയുമെന്ന് പറഞ്ഞു.ഇന്ന് ഞാന്‍ നേടിയ വിജയത്തിന് കാരണം എന്റെ മാതാപിതാക്കളാണ്.'- വൈഭവ് കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിനും കോച്ചിനുമൊപ്പം വൈഭവിന്റെ ജീവിതത്തില്‍ എടുത്തുപറയേണ്ട പേരാണ് വി വി എസ് ലക്ഷ്മണിന്റെത്. രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വൈഭവിന്റെ പേര് നിര്‍ദേശിച്ചത് ലക്ഷ്മണാണെന്ന് ഒരിക്കല്‍ വൈഭവിന്റെ പരിശീലകനായ മനോജ് ഓജ പറഞ്ഞിരുന്നു. ഒരു മത്സരത്തില്‍ വൈഭവ് 36 റണ്‍സില്‍ റണ്ണൗട്ടായി. പിന്നാലെ അവന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് കരയാന്‍ തുടങ്ങി. ഇത് ലക്ഷ്മണ്‍ കണ്ടു. ഞങ്ങള്‍ റണ്‍സ് മാത്രമല്ല നോക്കുന്നതെന്നും ദീര്‍ഘകാലം പ്രകടനം കാഴ്ചവെക്കാന്‍ പറ്റുമോയെന്നുമാണ് നോക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ലക്ഷ്മണ്‍ അവന്റെ കഴിവ് പെട്ടെന്ന് തന്നെ കണ്ടെത്തി. ബിസിസിഐയുടെ പിന്തുണയുമുണ്ടായി. '- വൈഭവിന്റെ പരിശീലകനായ മനോജ് ഓജ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.ഇതേ ലക്ഷ്മണന്‍ വഴിയാണ് വൈഭവിന് രാജസ്ഥാനിലേക്ക് വഴി തുറന്നത്.

ദിവസേന 100 ഓവര്‍ വരെ പരിശീലനം.. ഉപേക്ഷിച്ചത് ഇഷ്ട വിഭവങ്ങള്‍.. വൈഭവിന്റെ കൊടുങ്കാറ്റിന് പിന്നില്‍

പരിശീലനമാണ് ഒരാളെ പെര്‍ഫക്ടാക്കുന്നതെന്ന് അടിവരയിടുകയാണ് വൈഭവും.ഒരു ദിവസം കുറഞ്ഞത് 100 ഓവര്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യണം അതായിരുന്നു പട്‌ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകന്‍ മനിഷ് ഓജ വൈഭവിന് നല്‍കിയ നിര്‍ദേശം.ഇത് അക്ഷരംപ്രതി പാലിച്ച വൈഭവ് ചില ദിവസങ്ങളില്‍ 100ല്‍ അധികം ഓവറുകള്‍ നെറ്റ്‌സില്‍ നേരിട്ടു.

വൈഭവ് നിത്യവും 100 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് പരിശീലനത്തിനായി തന്റെയടുത്ത് എത്തിയിരുന്നത് എന്നാണ് മനീഷ് പറയുന്നത്. ഒരു ദിവസം പോലും മുടക്കം വരാതെ അവന്‍ പരിശീലനത്തിന് എത്തിയിരുന്നു. 7.30ന് ആരംഭിക്കുന്ന പരിശീലനം വൈകുന്നേരം വരെ തുടരുന്ന അവനെ കണ്ട് പലവട്ടം അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പരിശീലകനടക്കം തുറന്ന് സമ്മതിക്കുന്നു.നാല് വര്‍ഷത്തിലേറെ അവന്‍ ഈ പതിവ് തെറ്റിച്ചില്ലെന്നും അദ്ദേഹം അടിവരയിടുന്നു.




പന്തുകളുടെ വേഗമായിരുന്നു വൈഭവിന്റെ അടുത്ത വെല്ലുവിളി.തുടക്കത്തില്‍ അക്കാദമിയിലെ ബോളര്‍മാരെ മാത്രമാണ് വൈഭവിനു നേരിടേണ്ടിവന്നതെങ്കില്‍ പിന്നാലെ ബോളിങ് മെഷീനിലൂടെ വേഗം കൂടിയ പന്തുകള്‍ വൈഭവിനെ തേടിയെത്തി. ചുരുങ്ങിയ സമയം കൊണ്ട് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗമുള്ള പന്തുകള്‍ വൈഭവ് സധൈര്യം നേരിട്ടുതുടങ്ങി. പരിശീലനം കഠിനമായതോടെ വൈഭവിന്റെ വഴികളും എളുപ്പമായി. ബിഹാറിനുവേണ്ടി 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധപിടിച്ചുപറ്റിയത്.

2024 നവംബറില്‍ വിജയ്ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി.14ാം വയസ്സില്‍ ഒരു സംസ്ഥാന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ട്രിപ്പിള്‍ സെഞ്ചറി നേടിക്കൊണ്ടാണ് ക്രിക്കറ്റ് ലോകത്തെക്ക് വൈഭവ് തന്റെ വരവറിയിക്കുന്നത്.പിന്നാലെയാണ് ദേശീയ അണ്ടര്‍ 19 ടീമിലേക്കുള്ള വിളി വരുന്നത്.ഏഷ്യാ കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ വൈഭവ് 44 ബാറ്റിങ് ശരാശരിയില്‍ 176 റണ്‍സാണ് അടിച്ചുകൂട്ടിയത്. പിന്നാലെ അണ്ടര്‍-19 ടെസ്റ്റ് മാച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നടത്തിയ പ്രകടനവും വൈഭവിന്റെ കരിയറില്‍ വഴിത്തിരിവായി. ഓസീസിനെതിരേ 58 പന്തില്‍ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാന്‍ മാനേജ്മെന്റ് നോട്ടമിട്ടിരുന്നു.

പരിശീലനത്തിനൊപ്പം കൃത്യമായ ആഹാര ചിട്ടകളുമാണ് വൈഭവിന്റെ കരുത്തിന്റെ അടിസ്ഥാനം.കൃത്യമായ ഡയറ്റ് പിന്തുടരുന്ന വൈഭവ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ക്രിക്കറ്റിനായി ഒഴുവാക്കി എന്നാണ് ഡയറ്റീഷ്യന്റെ വെളിപ്പെടുത്തല്‍. വൈഭവിന് ഏറ്റവും കൂടുതുതാല്‍ ഇഷ്ടമുള്ള ഭക്ഷണമാണ് പിസയും മട്ടനും.എന്നാല്‍ ഈ രണ്ട് ഭക്ഷണവും ഫിറ്റ്‌നസിനായി വൈഭവിന് ഒഴിവാക്കേണ്ടി വന്നു.പതിനാലുകാരന്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഈ കാര്യങ്ങള്‍ ഡയറ്റീഷ്യന്‍ മനീഷ് ഓജ പറയുന്നത്.

മത്സരത്തിനിടെ ക്ഷീണവും ദാഹവും അനുഭവപ്പെടുമ്പോഴും അതൊന്നും ഗൗരവത്തോടെ എടുക്കാതെ പന്ത് ബൗഡറി കടത്തുന്നതില്‍ മാത്രമായിരുന്നു വൈഭവ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

യുവിയുടെ അഗ്രഷനും ലാറയുടെ ധൈര്യവുമുള്ള പതിനാലുകാരന്‍.. താരതമ്യം സച്ചിനും കോഹ്ലിയുമായി

ഓരോ മല്‍സരവും കഴിയുമ്പോള്‍ അതിശയം കൂടിക്കൂടി വരുന്ന ഒരു താരമാവുകയാണ് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തില്‍ നിന്ന കൊച്ചുപയ്യന്‍. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്‍. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ വൈഭവമാണ് സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച.




ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. പിന്നെ സാക്ഷാല്‍ കോലിയും. വൈഭവിന്റെ മിന്നിത്തിളക്കം സ്വാഭാവികമായും താരതമ്യങ്ങള്‍ക്ക് വഴിയൊരുക്കി. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന്‍ ആയിട്ടില്ലെന്നാണ് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകരുടെ നിലപാട്. പക്ഷേ ഈ പ്രായത്തില്‍ കോലി എങ്ങനെ കളിച്ചുവെന്നും അതിനെക്കാള്‍ മുന്നിലല്ലേ വൈഭവ് എന്നും ചര്‍ച്ച മുറുകിക്കഴിഞ്ഞു.

20062008 കാലയളവില്‍ പതിനേഴാം വയസിലാണ് കോലി അണ്ടര്‍ 19 ടീമില്‍ മിന്നിത്തിളങ്ങിയത്. 2008ല്‍ ഏകദിനടീമിലേക്കും 2010ല്‍ ട്വന്റി ട്വന്റി ടീമിലേക്കും ഒരുവര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. എന്നാല്‍ വൈഭവ് പതിനാലാം വയസില്‍ത്തന്നെ അണ്ടര്‍ 19 ദേശീയ ടീമിലും ഐപിഎല്ലിലുമെല്ലാം കത്തിക്കയറുകയാണ്. കോലി അണ്ടര്‍ 19 കളിച്ച പ്രായമെത്തുമ്പോള്‍ പയ്യന്‍ ഏതെല്ലാം റെക്കോര്‍ഡുകള്‍ കടപുഴക്കും എന്നുമാത്രമേ കാണേണ്ടതുള്ളു. പ്രായവ്യത്യാസവും പ്രകടനവും കൊണ്ടുതന്നെ സൂര്യവംശിയുടെ തട്ട് അല്‍പ്പം താണുതന്നെ നില്‍ക്കും.

അണ്ടന്‍ 19 ദേശീയ ടീമിനുവേണ്ടി വെറും 20 ഇന്നിങ്‌സുകളില്‍ വൈഭവ് അടിച്ചുകൂട്ടിയത് 1047 റണ്‍സ്. കോലിക്ക് 978 റണ്‍സെടുക്കാന്‍ 25 ഇന്നിങ്‌സ് വേണ്ടിവന്നു. ഇരുവരുടെയും ബാറ്റിങ് ശൈലിയിലും അപാര വ്യത്യാസമുണ്ട്. 156.06 സ്‌ട്രൈക്ക് റേറ്റില്‍ 54 ശരാശരിയിലാണ് സൂര്യവംശിയുടെ ബാറ്റിങ് എങ്കില്‍ 46.57 ശരാശരിയില്‍ 85.56 മാത്രമാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. ടെംപോ കണ്‍ട്രോളും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും, ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതുമാണ് കോലിയുടെ ഗെയിം പ്ലാനെങ്കില്‍ ആദ്യപന്ത് മുതല്‍ ആക്രമിച്ച് കളിച്ച് ബോളര്‍മാരെ നിലംപരിശാക്കുകയാണ് സൂര്യവംശിയുടെ ശൈലി. ഇതുകൊണ്ട് തന്നെ ബൗണ്ടറി കിങെന്ന ഓമനപ്പേരും ഇതിനകം സൂര്യവംശി നേടിക്കഴിഞ്ഞു.

അണ്ടര്‍ 19ല്‍ മാത്രമല്ല രഞ്ജി ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലുമെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് വൈഭവ് സൂര്യവംശി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചറി ഉള്‍പ്പെടെ ലോകറെക്കോര്‍ഡുകള്‍ പലതും പയ്യന്‍സ് തകര്‍ത്തെറിഞ്ഞു. ദേശീയടീമിലേക്കുള്ള വിളിയാണ് ഇനി വരാനുള്ളത്. വരുന്ന ഐപിഎല്‍ സീസണ്‍ അതിനും വഴിതുറന്നേക്കും. അറ്റാക്കിങ് ഗെയിം നിലനിര്‍ത്തുന്നതിനൊപ്പം എതിരാളികളുടെ തന്ത്രങ്ങള്‍ മനസിലാക്കി അഡാപ്റ്റ് ചെയ്യാനുള്ള കോലി മാജിക് കൂടി കൈവരിക്കാന്‍ കഴിഞ്ഞാല്‍ വൈഭവ് കോലിക്കും അപ്പുറം പോകും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റെര്‍ യുവരാജ് സിങ്ങിന്റെയും ബ്രയാന്‍ ലാറയുടെയും സമ്മിശ്രമാണ് സൂര്യവംശി എന്നാണ് കോച്ച് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ബ്രയാന്‍ ലാറയെ പോലെ ഭയമില്ലാതെ ബാറ്റ് ചെയുകയും എന്നാല്‍ യുവിയെപോലെ അല്‍പ്പം അഗ്രഷനും സൂര്യവംശിയ്ക്ക് ഉണ്ട് എന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നു.

ലോകകപ്പ് ഫൈനലിലെ കൊടുങ്കാറ്റ്.. കടപുഴകിയത് റെക്കോര്‍ഡുകള്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും100ല്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണം കലാശപ്പോരില്‍ തീര്‍ത്തുകൊടുത്ത് കൗമാരതാരം വൈഭവ് സൂര്യവംശി. ഫൈനലില്‍ 80 പന്തുകള്‍ നേരിട്ട താരം 175 റണ്‍സ് നേടിയാണു മടങ്ങിയത്. 15 സിക്‌സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26ാം ഓവറില്‍ മനി ലുംസ്‌ഡെനിന്റെ പന്തിലാണു പുറത്താകുന്നത്. 55 പന്തുകളിലാണ് 14 വയസ്സുകാരന്‍ താരം അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളില്‍ അര്‍ധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളില്‍ 100 പിന്നിടുകയായിരുന്നു.




തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ താരത്തിന്റെ പേരില്‍ തന്നെയുള്ള ഒന്നിലേറെ റെക്കോര്‍ഡുകളും ഫൈനലില്‍ വൈഭവ് പഴങ്കഥയാക്കി.ഐസിസി ഫൈനലുകളുടെ ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. ഐസിസി ഏകദിന ഫോര്‍മാറ്റ് ഫൈനലുകളിലെ വേഗതയേറിയ സെഞ്ചറി കൂടിയാണു താരം ഹരാരെയില്‍ സ്വന്തമാക്കിയത്.

യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇനി വൈഭവിനു സ്വന്തം. ഫൈനലിലെ ബാറ്റിങ്ങോടെ താരത്തിന്റെ സ്‌കോര്‍ 1412 ആയി. വിജയ് സോളിനെയാണ് വൈഭവ് മറികടന്നത്. യൂത്ത് ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെ വൈഭവ് പുതുക്കിയെഴുതി. ഹരാരെയില്‍ 15 സിക്‌സുകളാണ് താരം നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ചത്.

കൂടാതെ ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് ബൗണ്ടറികളിലൂടെ മാത്രം നേടുന്ന താരമെന്ന റെക്കോര്‍ഡും (150) ഇതോടെ വൈഭവിനു സ്വന്തമായി. ഇവിടെയും 140 റണ്‍സെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണു വൈഭവ് തകര്‍ത്തുവിട്ടത്.

വയസ്സ് 14 പക്ഷെ ഇനിയൊരു അണ്ടര്‍ 19 ലോകകപ്പിനില്ല;സീനിയര്‍ ടീമിലേക്കും വിളി വൈകും

വയസ്സ് 14 മാത്രമെ ഉള്ളൂവെങ്കിലും വൈഭവ് സൂര്യവംശിക്ക് ഇനി ഒരു അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? പക്ഷെ സത്യം അതാണ്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചില നിയമങ്ങള്‍ ആണ് ഇതിന് കാരണം.

പ്രായം 19 വയസിന് താഴെയാണെങ്കിലും 2028, 2030 വര്‍ഷങ്ങളിലെ അണ്ടര്‍ 19 ലോകകപ്പുകള്‍ വൈഭവിന് കളിക്കാന്‍ സാധിക്കില്ല. ബിസിസിഐയുടെ നിയമമാണ് വൈഭവിന് ഇവിടെ തിരിച്ചടിയാകുന്നത്. 'വണ്‍ ടൂര്‍ണമെന്റ്' എന്ന നയമാണ് ബിസിസിഐ പിന്തുടരുന്നത്. പുതിയ പ്രതിഭകള്‍ക്ക് തുടര്‍ച്ചയായി അവസരം ലഭിക്കുന്നതിനാണ് ബിസിസിഐ ഈ നയം പിന്തുടരുന്നത്.

ഐസിസിയുടെ മിനിമം പ്രായ പരിധിയാണ് വൈഭവിന് തടസമാകുന്നത്. ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാന്‍ കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ഐസിസിയുടെ ചട്ടം. യുവ കായികതാരങ്ങളുടെ ശാരീരികകവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020 ലാണ് ഈ നിയമം കൊണ്ടുവന്നത്. 2011 മാര്‍ച്ച് 27 ന്ജനിച്ച വൈഭവിന് നിലവില്‍ 14 വയസാണ് പ്രായം. വൈഭവിന് ഇന്ത്യന്‍ ടീമിലെത്താന്‍ 2026 മാര്‍ച്ച് 27 കഴിയണം.

അതിനാല്‍ തന്നെ ഫൈനലിന് തലെ ദിവസത്തെ രാത്രിയെക്കുറിച്ച് വൈഭവ് തന്നെ പങ്കുവെച്ചത് ഇപ്രകാരമാണ്:ഫൈനല്‍ മത്സരത്തിന് മുന്‍പ് ശരിക്കും ഉറങ്ങാന്‍ സാധിച്ചില്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്.

രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങിയില്ല, ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ. അതൊരു വലിയ മത്സരമായിരുന്നു. സാധാരണ മത്സരം പോലെ കളിക്കും എന്ന് പറയാമെങ്കിലും സമ്മര്‍ദ്ദമുണ്ട്.ഫൈനലിന്റെ സമ്മര്‍ദ്ദമുണ്ട്. മറ്റു രാജ്യങ്ങവില്‍ ഒരു പക്ഷേ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇന്ത്യയില്‍ അതിന് കഴിയില്ല. അതുകൊണ്ട് ഫൈനല്‍ കളിക്കുന്നതും ജയിക്കുന്നതും മറക്കാനാവാത്ത നിമിഷമാണ്'' എന്നാണ് വൈഭവ് റേ സ്പോര്‍ട്സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്

ഇന്ത്യന്‍ നായകന്‍ ആയുഷ് മഹ്‌ത്രെ മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടിയിരുന്നു. വൈഭവ് സെഞ്ചറി നേടുമ്പോള്‍ ആയുഷായിരുന്നു മറുഭാഗത്ത്. സെഞ്ചറിക്ക് അരികിലെത്തിയപ്പോള്‍ വിവേകത്തോടെ കളിക്കാനാണ് ആയുഷ് ആവശ്യപ്പെട്ടതെന്നും വൈഭവ് പറഞ്ഞു.





നൂറിനടുത്തെത്തിയപ്പോള്‍ സിംഗിളെടുക്കാനും പക്വതയോടെ കളിക്കാനുമാണ് ആയുഷ് ആവശ്യപ്പെട്ടത്. ക്രീസിലുള്ളിടത്തോളം ആക്രമിച്ച് കളിച്ചാല്‍ ഇംഗ്ലണ്ടിനെ മത്സരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. ഒന്നാം ഇന്നിങ്‌സില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ സാധിച്ചു. എന്റെ മാത്രം പ്രകടനമല്ല, എല്ലാവരും സംഭാവന ചെയ്തതു കൊണ്ടാണ് 411 റണ്‍സിലെത്തിയത്'' വൈഭവ് പറഞ്ഞു.

അടുത്ത സൂപ്പര്‍ താരമാവുമോ?

അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇതിനോടകം തെളിയിക്കാന്‍ വൈഭവിന് സാധിച്ചിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ ചെറുപ്പത്തിലേ മികവ് കാട്ടി അതിവേഗം സീനിയര്‍ തലത്തിലേക്ക് വളരാന്‍ വൈഭവിനായിട്ടുണ്ട്. എന്നാല്‍ പൃഥ്വി ഷായെപ്പോലെ ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും ഫിറ്റ്നസ് ശ്രദ്ധിക്കാതെ കരിയര്‍ നശിപ്പിക്കുന്ന തരത്തിലേക്ക് വൈഭവ് മാറില്ലെന്ന് തന്നെ പ്രത്യാശിക്കാം.

ഒരുപാട് സമയം അഴുക്കുകളില്‍ മുങ്ങിത്തപ്പുമ്പോള്‍ ലഭിക്കുന്ന മുത്ത് പോലെ തിളങ്ങുകയാണ് വൈഭവ് സൂര്യവംശിയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര പറയുന്നു.ആര്‍ആറുമായി കരാറിലെത്തിയ ശേഷമാണ് സൂര്യവംശിയെ ഞാന്‍ ആദ്യമായി കാണുന്നത്. ഗുവാഹത്തിയില്‍ നെറ്റ്സില്‍ ജോഫ്ര ആര്‍ച്ചറിനും മറ്റ് സീമര്‍മാര്‍ക്കുമെതിരെ ബാറ്റ് ചെയ്യാന്‍ നിയോഗിച്ചപ്പോഴായിരുന്നു അത്. വളരെ അനായാസം അവന്‍ ബൗളര്‍മാരെ നേരിട്ടു.പന്തില്‍ തൊടുമ്പോഴെല്ലാം ബാറ്റില്‍ നിന്നുള്ള ശബ്ദം വെടിയൊച്ച പോലെ. അദ്ദേഹത്തിന്റെ ബാറ്റ് സ്വിങ് മനോഹരമാണ്. ഓഫ്-സ്റ്റമ്പിന് പുറത്ത് മനോഹരവും വിശാലവും സ്വതന്ത്രവുമായി ബാറ്റ് ഒഴുകുകയാണ്. ചലനങ്ങള്‍ വളരെ ലളിതവും ആവശ്യാനുസരണവും മാത്രം. ഷോട്ടുകളുടെ വൈധിധ്യം വര്‍ധിപ്പിക്കുന്നതില്‍ നല്ല ഔത്സുക്യം- സൂര്യവംശിയെക്കുറിച്ചുള്ള തന്റെ ആദ്യ മതിപ്പ് വെളിപ്പെടുത്തി സംഗക്കാര വിശദീകരിച്ചു.

ഒരു ടി20 ബാറ്റ്സ്മാനില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന എല്ലാ ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇത് ഒരു തുടക്കം മാത്രം. അദ്ദേഹം കൂടുതല്‍ മികച്ചവനാകും, വളരെ വളരെ പ്രത്യേകതയുള്ള ഒരു താരം- സംഗക്കാര കൂട്ടിച്ചേര്‍ത്തു.

വാല്‍ക്കഷ്ണം: ഒരുപക്ഷേ ക്രിക്കറ്റ് ദൈവത്തിനും മേലെ വൈഭവ് സുര്യവംശിക പ്രതിഷ്ഠിക്കപ്പെടാം. കളത്തിലും പുറത്തുമുള്ള അച്ചടക്കമാണ് അതില്‍ ഏറ്റവും പ്രധാനം എന്ന് രാഹുല്‍ ദ്രാവിഡിനെയും കുമാര്‍ സംഗക്കാരയെയും പോലുള്ള ഇതിഹാസങ്ങള്‍ വൈഭവിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അത് നെഞ്ചേറ്റാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വൈഭവം യുഗം ആരംഭിക്കാന്‍ അധികകാലമില്ല.