- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ലക്ഷം കൊല, 10 മുതല്‍ 40 ലക്ഷംവരെ ബലാത്സംഗങ്ങള്‍! പാലൂട്ടിയത് വളര്‍ത്തിയത് ജമാഅത്തെ ഇസ്ലാമി; ബംഗ്ലാദേശിനെ ഇന്നും കത്തിക്കുന്ന റസാക്കര്‍മാരുടെ കഥ
കൈവിട്ട ആയുധം, വാവിട്ട വാക്ക്! രണ്ടും തിരിച്ചെടുക്കാനാവില്ലെന്ന് നമ്മുടെ ആറാം തമ്പുരാനിലെ ജഗന്നാഥന്‍ പറഞ്ഞത് എത്ര ശരിയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി, ഷെയ്ഖ് ഹസീന നടത്തിയ ഒറ്റ പരമാര്‍ശത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രാജ്യം നിന്നുകത്തുകയാണ്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന സമരത്തെ വ്യാപിപ്പിച്ചത്, സമരക്കാര്‍ റസാക്കര്‍മാരെപ്പോലെയാണെന്ന ബംഗ്ലാ പ്രധാനമന്ത്രിയുടെ പ്രയോഗമാണ്. കാരണം, ആ നാട്ടില്‍ അത്രയേറെ നിന്ദ്യരും നികൃഷ്ടരുമാണ്, കൊള്ളയും കൊലയും ബലാത്സഗവം നടത്തി ക്രൂരതുടെ പര്യായമായ റസാക്കര്‍മാര്‍. ഇസ്ലാമിന്റെ പേരിലാണ് റസാക്കര്‍മാര്‍, ബംഗ്ലാദേശ് വിമോചനകാലത്ത് […]
കൈവിട്ട ആയുധം, വാവിട്ട വാക്ക്! രണ്ടും തിരിച്ചെടുക്കാനാവില്ലെന്ന് നമ്മുടെ ആറാം തമ്പുരാനിലെ ജഗന്നാഥന്‍ പറഞ്ഞത് എത്ര ശരിയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി, ഷെയ്ഖ് ഹസീന നടത്തിയ ഒറ്റ പരമാര്‍ശത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രാജ്യം നിന്നുകത്തുകയാണ്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന സമരത്തെ വ്യാപിപ്പിച്ചത്, സമരക്കാര്‍ റസാക്കര്‍മാരെപ്പോലെയാണെന്ന ബംഗ്ലാ പ്രധാനമന്ത്രിയുടെ പ്രയോഗമാണ്. കാരണം, ആ നാട്ടില്‍ അത്രയേറെ നിന്ദ്യരും നികൃഷ്ടരുമാണ്, കൊള്ളയും കൊലയും ബലാത്സഗവം നടത്തി ക്രൂരതുടെ പര്യായമായ റസാക്കര്‍മാര്‍. ഇസ്ലാമിന്റെ പേരിലാണ് റസാക്കര്‍മാര്‍, ബംഗ്ലാദേശ് വിമോചനകാലത്ത് കൊലകള്‍ നടത്തിയിരുന്നത്. അവരെ പാലൂട്ടി വളര്‍ത്തിയതാവട്ടെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇ്സലാമിയും!
കഴിഞ്ഞ ഒരുമാസമായി സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ബംഗ്ലാദേശില്‍ അക്രമവും വെടിവെപ്പും പതിവാണ്. ഇതുവരെ 300ലധികംപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇന്നലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് പുതിയ പ്രക്ഷോഭം ആരംഭിച്ചത്. അക്രമങ്ങളില്‍14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വൈകിട്ട് 6 മണി മുതല്‍ രാജ്യത്തൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. സര്‍ക്കാര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ദേശീയപാതകള്‍ ഉപരോധിച്ചതോടെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഇപ്പോള്‍ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 4 ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിന്റെ ദാരിദ്ര്യം ഒരു പരിധിവരെ നിയന്ത്രിച്ച്, അതിനെ ഒരു വികസിത രാജ്യമാക്കന്‍ അതി തീവ്രം പ്രയത്നിച്ചുവരുന്ന നേതാവാണ്, ഇന്ദിരാഗാന്ധിക്കുശേഷം ലോകം കണ്ട എറ്റവും കരുത്തയായ വനിതാ നേതാവ് എന്ന് പേരടെുത്ത ഷെയ്ഖ് ഹസീന. ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മതമൗലിക വാദികള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് അവര്‍ എടുത്തത്. 71-ല്‍ സ്വതന്ത്രമായപ്പോള്‍ പട്ടിണി മരണം നടന്ന രാജ്യം ഇപ്പോള്‍ ഭക്ഷ്യ സുരക്ഷിതമാണ്. ആളോഹരി വരുമാനം നാലിരട്ടിയായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിച്ചു.
ഇക്കണക്കിന് പോവുകയാണെങ്കില്‍ 2041ഓടെ ബംഗ്ലാദേശ് പുര്‍ണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. ഷേക്ക് ഹസീനയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണത്തിലുടെ, വസ്ത്രവ്യവസായം, മരുന്ന് നിര്‍മ്മാണം, ക്ഷീര വികസനം എന്നീ മേഖലകളിലൂടെ ബംഗ്ലാദേശ് വളര്‍ന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം ആ സ്ഥിതി മാറി. പാക്കിസ്ഥാന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പകുത്തി. അതിന് പിന്നാലെയാണ് ഈ പ്രക്ഷോഭങ്ങളും. ഇതോടെയാണ് ഹസീനയുടെ പതനവും. ഇത് ശക്തിപ്പെടുത്തുക മതമൗലികവാദികളെയാണെന്നതിനാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയുമുണ്ട്.
ബംഗ്ലാദേശിലെ സംവരണക്കെണി
ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയാല്‍ എങ്ങനെയിരിക്കും! സമാനമായ ഒരു വിചിത്രമായ സംവരണക്കെണിയാണ് ബംഗ്ലാദേശില്‍ ഉണ്ടായിരുന്നത്. 1971- ലെ ലിബറേഷന്‍ മൂവ്മെന്റില്‍ ലക്ഷങ്ങളാണ് രക്തസാക്ഷികള്‍ ആയത്. ഒടുവില്‍ ഇന്ത്യയുടെ സഹായത്തോടെയാണ് ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. പാക്കിസഥാന്‍ പക്ഷപാതികളും, ബംഗ്ലാദേശികളും എന്ന നിലയില്‍ രാജ്യത്തെ ജനത രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. 1972-ല്‍ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാനാണ് രാജ്യത്ത് സംവരണ ക്വാട്ട സമ്പ്രദായം കൊണ്ടുവന്നത്.
വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതായിരുന്നു ആ രീതി. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്ക് 10%, ഗോത്രവര്‍ഗക്കാര്‍ക്ക് 5%, ഭിന്നശേഷിക്കാര്‍ക്ക് 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% മാനമാണ് സംവരണം. ബാക്കി 44% മാത്രമാണ് മെറിറ്റ്. സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും പ്രത്യേകതയാണ്.
മാത്രമല്ല, സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും എന്ന മാനദണ്ഡം മൂലം ജോലികള്‍ മുഴുവന്‍ കൈയടിക്കിയിരുന്നത് അവാമി ലീഗ് പാര്‍ട്ടിയുടെ നേതാക്കളാണ്. ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍ റഹ്മാനും അദ്ദേഹത്തിന്റെ അവാമി ലീഗുമായിരുന്നു സ്വാതന്ത്ര്യസമരത്തിലെ പ്രധാനികള്‍. ഈ സംവിധാനം അനീതിയാണെന്നു പലരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
2018-ല്‍ ഇതേപോലെ ഒരു വിദ്യാര്‍ത്ഥി- യുവജന പ്രക്ഷോഭം ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ ക്വാട്ട ഉള്‍പ്പെടെയുള്ള ജോലികളിലെ എല്ലാ സംവരണങ്ങളും ഷെയ്ഖ് ഹസീന സര്‍ക്കാര്‍ റദ്ദാക്കി. 2018 മുതല്‍ ബംഗ്ലാദേശില്‍ ക്വാട്ട സംവരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 2021- ല്‍ ഒരു കൂട്ടം ആളുകള്‍ സിവില്‍ സര്‍വീസിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ 30% സംവരണം തിരികെ ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. മൂന്നുവര്‍ഷം വാദം കേട്ടശേഷം, 2024 ജൂലൈ ഒന്നിന് ഹൈക്കോടതി 30% സംവരണം പുനഃസ്ഥാപിച്ചു. ഇതോടെയാണ് സമീപകാല കലാപങ്ങള്‍ക്ക് തുടക്കമായത്. തദ്ദേശീയ സമൂഹങ്ങള്‍ക്കും, വികലാംഗര്‍ക്കും പ്രയോജനപ്പെടുന്നവ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നിര്‍ത്തലാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയാകട്ടെ ഹൈക്കോടതിയുടെ ഉത്തരവ് നാലാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ കോടതിയുടെ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. അതായത് ഈ കലാപത്തിന് കാരണമായ സംവരണം നിലവില്‍ ബംഗ്ലാദേശില്‍ പ്രാബല്യത്തിലില്ല. പക്ഷേ എന്നിട്ടും പ്രക്ഷോഭം തുടര്‍ന്നു. പ്രധാനമന്ത്രി ഹസീനയുടെ റസാക്കറുകളെക്കുറിച്ചുള്ള പരാമര്‍ശത്തെ കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ മത മൗലിക വാദികള്‍ ആയുധമാക്കി.
"സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളും കൊച്ചുമക്കളും കഴിവുള്ളവരല്ലേ? റസാക്കരുടെ മക്കളും കൊച്ചുമക്കളും മാത്രമാണോ കഴിവുള്ളവര്‍? എന്തുകൊണ്ടാണ് അവര്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളോട് ഇത്ര നീരസം? സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കള്‍ക്ക് ക്വാട്ട ആനുകൂല്യം ലഭിക്കുന്നില്ലെങ്കില്‍ റസാക്കരുടെ കൊച്ചുമക്കള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കണോ?"- ഒരു പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി ഹസീന പറഞ്ഞതാണ് വന്‍ വിവാദമായത്.
പ്രധാനമന്ത്രിക്ക് ശേഷം, അവരുടെ പാര്‍ട്ടി നേതാക്കളും സമാനമായ പരാമര്‍ശങ്ങള്‍ നടത്തി. "വിമോചന സമര രക്തസാക്ഷികളുടെ രക്തം പുരണ്ട ചുവപ്പും പച്ചയും പതാക പിടിക്കാന്‍ റസാക്കര്‍ക്ക് അവകാശമില്ലെന്ന്" സാമൂഹ്യക്ഷേമ മന്ത്രി ദിപു മോനി പറഞ്ഞു.'ഞാനൊരു റസാക്കറാണ്' എന്ന് പ്രഖ്യാപിക്കുന്നവര്‍ ഈ കാലഘട്ടത്തിലെ 'യഥാര്‍ത്ഥ' റസാക്കര്‍മാരാണെന്ന് സ്വയം തെളിയിച്ചു. അവര്‍ കോടതിയെയും സര്‍ക്കാരിനെയും അവഗണിക്കുന്നു."-വിദ്യാഭ്യാസ മന്ത്രി മൊഹിബുള്‍ ഹസന്‍ ചൗധരി ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ 'ആരാണ് ഞാന്‍, ആരാണ് നീ? റസാക്കര്‍, റസാക്കര്‍" മുദ്രാവാക്യവും മുഴക്കി വിദ്യാര്‍ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ചുവിട്ടു. അത്രക്ക് നിന്ദ്യമായ പദമാണ് ബംഗ്ലാദേശില്‍ റസാക്കര്‍മാര്‍ എന്നത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഹിന്ദുവംശഹത്യ!
ബംഗ്ലാദേശില്‍ മാത്രമല്ല, റസാക്കര്‍മാര്‍ എന്ന വാക്ക് ഇന്ത്യയിലും ഭീതിയുയര്‍ത്തുന്നതാണ്. ഹൈദരാബാദ് നൈസാമിന്റെ സൈനികരേയും റസാക്കര്‍മാര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തിനൊപ്പം ചേരാന്‍ വിസമ്മതിച്ച നൈസാമിന് പൂര്‍ണ പിന്തുണ കൊടുത്തു കൂടെ നിന്നത് ഇവരായിരുന്നു. പിന്നീട് സൈനിക നീക്കത്തിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയത്. റസാക്കര്‍മാര്‍ എന്ന വാക്കിന്റെ അര്‍ഥം സന്നദ്ധ ഭടന്‍മാര്‍ എന്നാണ്. ഈ വാക്കു തന്നെയാണ് ബംഗ്ലാദേശിലും പിന്നീട് ഉപയോഗിക്കപ്പെട്ടത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ വര്‍ഷം 'റസാക്കര്‍ ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്' എന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനത്തോട് അനുബന്ധിച്ച് ഈ വിവാദം ഉയര്‍ന്നുവന്നിരുന്നു.
ഹൈദരാബാദ് ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത അധ്യായമാണ് റസാക്കര്‍മാരുടേത്. 30കളിലും 40കളിലും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട സേനയാണിത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള അഭിഭാഷകനായ ഖാസിം റസ്വിയുടെ നേതൃത്വത്തിലാണ് ഈ സംഘടന തീവ്രസ്വഭാവം കൈവരിച്ചത്. അന്നത്തെ ഹൈദരാബാദ് നൈസാം മിര്‍ ഉസ്മാന്‍ അലിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു റസ്വിയ്ക്ക്. മുസ്ലം പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാനാണ് റസ്വി ശ്രമിച്ചത്.
1930കളുടെ മധ്യത്തിലാണ് ഹൈദരാബാദില്‍ ഇസ്ലാമിക വര്‍ഗ്ഗീയത ആരംഭിച്ചതെന്ന് എന്നാണ് ചില ചരിത്രകാരന്‍മ്മാര്‍ പറയുന്നത്. ഇസ്ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ തബ്ലീഗികള്‍ ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങുമായിരുന്നു. മതം മാറിയവരില്‍ ചിലര്‍ ദളിത് വിഭാഗമായ മദിഗ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഇതേസമയത്ത് തന്നെയാണ് ആര്യസമാജത്തിലെ പ്രവര്‍ത്തകര്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്. മതം മാറിയവരെ പുനര്‍ പരിവര്‍ത്തനം ചെയ്യുകയായിരുന്നു ഈ ചടങ്ങിന്റെ ലക്ഷ്യം. 1937ന് ശേഷം ഹൈദരാബാദില്‍ ചില വര്‍ഗ്ഗീയ വിഭജനങ്ങള്‍ ഉണ്ടായി.
400ലധികം വര്‍ഷം മുസ്ലീം ഭരണാധികാരികള്‍ ഭരിച്ചിട്ടും ഉണ്ടാകാത്ത വിഭജനമായിരുന്നു അക്കാലത്തുണ്ടായത്. അതുവരെ എല്ലാ കലാപങ്ങളും സുന്നി-ഷിയ വിഭാഗങ്ങള്‍ തമ്മിലായിരുന്നു. 1938ലാണ് ഹൈദരാബാദില്‍ ആദ്യമായി ഹിന്ദു- മുസ്ലീം വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് റസ്വി റസാക്കര്‍മാരുടെ തലവനായി എത്തുന്നത്. ആദ്യകാലത്ത് മതപരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു റസാക്കര്‍മാരുടെ ശ്രദ്ധ. അന്ന് അവര്‍ക്ക് ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് സംഘടനയുടെ നേതൃത്വം റസ്വി ഏറ്റെടുത്തതോടെ അവര്‍ക്ക് ആയുധങ്ങള്‍ ലഭ്യമാകാന്‍ തുടങ്ങി.
ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളായിരുന്ന ഹൈദരാബാദിനെ ഒരു മുസ്ലീം രാഷ്ട്രമായി നൈസാം കണക്കാക്കിയിരുന്നില്ല. എന്നാല്‍ മതാധിഷ്ഠിത പൗരോഹിത്യ ഭരണമായിരുന്നു റസ്വിയ്ക്ക് വേണ്ടിയിരുന്നത്. ഇതിനായി മുസ്ലീങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു റസാക്കര്‍മാരുടെ ജോലി. 1944ല്‍ തെലങ്കാനയില്‍ ആരംഭിച്ച സായുധ കലാപത്തില്‍ ഭൂപ്രഭുക്കള്‍ റസാക്കര്‍മാരെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ അണിനിരത്തിയിരുന്നു പ്രശസ്തരായ ചില മുസ്ലീം നേതാക്കളെയും റസാക്കര്‍മാര്‍ കൊന്നൊടുക്കിയിരുന്നുവെന്നും പറയപ്പെടുന്നു.
44നുശേഷം, റസാക്കര്‍മാര്‍ ഹിന്ദുക്കളുടെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും അവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം റസാക്കര്‍മാര്‍ 400 ഹിന്ദുഗ്രാമങ്ങള്‍ കൊള്ളയടിച്ചിരുന്നുവത്രേ. കര്‍ണാടകയിലെ 300 ഗ്രാമങ്ങള്‍ അവര്‍ തീയിട്ടു. ആന്ധ്രയിലും സമാന സാഹചര്യം ആവര്‍ത്തിച്ചു.
1948-ല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിച്ചതിന് പിന്നാലെ ഈ സംഘടനയെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ നൂറരിട്ടി പ്രശ്നങ്ങളാണ് റസാക്കര്‍മാര്‍ ബംഗ്ലാദേശ് വിമോചന സമയത്ത് ഉണ്ടാക്കിയത്. രണ്ടും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാണ് ചെയ്തതെങ്കിലും ആശയം ഒന്നായിരുന്നു. ഇസ്ലാമിക മതമൗലികവാദമായിരുന്നു രണ്ടിടത്തെതയും പ്രശ്നങ്ങള്‍ക്ക് പിന്നില്‍
ജമാഅത്തെ ഇസ്്ലാമിയുടെ സേന
ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് ആണ് 1971-ല്‍ ബംഗ്ലാദേശില്‍ ആദ്യമായി റസാക്കര്‍ സേന രൂപീകരിച്ചത്. ബിഹാറില്‍ നിന്നുള്ളവരും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെയാണ് ഈ സേനയിലേക്ക് ജമാ അത്തെ ഇസ്ലാമി കൂടുതലായി എടുത്തത്. പണം ലഭിച്ചുതുടങ്ങിയപ്പോള്‍, ഇവര്‍ ജമാ അത്തെ ഇസ്ലാമിക്കും പാക് സൈന്യത്തിനും വേണ്ടി വംശഹത്യക്ക് ഇറങ്ങിപ്പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍ ഇവര്‍ പാക് സൈന്യത്തെ സഹായിച്ചു.
പശ്ചിമ പാക്കിസ്ഥാനിലേക്ക് 1946-ലും 1947-ലുമായി കുടിയേറിയ ഉറുദു സംസാരിച്ചിരുന്ന ജനവിഭാഗത്തെയാണ് ബിഹാറികള്‍ എന്നുവിളിച്ചിരുന്നത്. മതപരമായ വികാരവും പണത്തോടുള്ള ആവശ്യവും മുതലെടുത്തായിരുന്നു പാക് സേനയും ജമാ അത്തെ ഇസ്ലാമിയും ഇവരെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തിയിരുന്നത്. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍, 'ബംഗാളിലെ കശാപ്പുക്കാരന്‍' എന്ന് അറിയപ്പെട്ട കുപ്രസിദ്ധനായ ജനറല്‍ ടിക്കാ ഖാന്‍ റസാര്‍ക്കര്‍മാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്തൂ. തങ്ങളെ സഹായിക്കാനായി പാക് സേന മൂന്നു വിഭാഗങ്ങളെ രൂപീകരിച്ചത്. റസാക്കര്‍മാര്‍, അല്‍-ബദര്‍, അല്‍-ഷാംസ്. ഈ മൂന്നു ഗ്രൂപ്പുകളും സ്വാതന്ത്ര്യ സമര സേനാനികളെയും അവരെ പിന്തുണ്ക്കുന്നവരേയും തിരഞ്ഞുപിടിച്ച് വേട്ടയാടി. തീവ്ര ഇസ്ലാമിക യാഥാസ്ഥിതിക വിഭാഗത്തെയാണ് അല്‍ ബദര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. തീവ്ര വര്‍ഗീയവാദികള്‍ കൂടിയായ റസാക്കര്‍മാര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെയും വേട്ടയാടിയിരുന്നു. ഒന്നിച്ച് തീവെച്ച് കൊല്ലുക, കൂട്ടമായി വെടിവെച്ചുകൊല്ലുക എന്നിവയൊക്കെയാണ് നടന്നത്. ഹിന്ദുമേഖല കണ്ടെത്തി സ്ത്രീകളെ ബലാത്സഗം ചെയ്ത സംഭവങ്ങളും ഉണ്ടായി.
കിഴക്കന്‍ പാക്കിസ്ഥാനികളെ അപമാനിക്കാന്‍ പാക് സൈന്യവും ഭരണകൂടവും അന്ന് ഉപയോഗിച്ചിരുന്ന പദമായിരുന്നു ബംഗാളി. ബംഗ്ലാദേശ് വിമോചന പോരാട്ട സമയത്ത് ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളില്‍ ഏറെ പ്രധനാപ്പെട്ട ഒന്നായിരുന്ന "ആരാണ് നീ, ആരാണ് ഞാന്‍, ബംഗാളി, ബംഗാളി…" എന്നത്. ഈ മുദ്രാവാക്യത്തിന് സമാനമായ രീതിയിലാണ് വിദ്യാര്‍ഥികള്‍ റസാക്കര്‍ മുദ്രാവാക്യം മുഴക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
40ലക്ഷംവരെ ബലാത്സംഗങ്ങള്‍
പാക് സൈന്യവുമായി സഹകരിച്ച,് സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്ത റസാക്കാര്‍മാര്‍ അവരോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ഇതോടെ, റസാക്കര്‍മാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നായി മാറി. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവര്‍ ലക്ഷ്യമിട്ടു. കുട്ടികളെയുള്‍പ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങള്‍ക്ക് തീയിട്ടു.
ഏകദേശം 50,000 റസാക്കര്‍മാര്‍ പാകിസ്ഥാന്‍ സൈന്യത്തെ റെയ്ഡുകള്‍ നടത്തുന്നതിനും പ്രാദേശിക ജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതിനും സഹായിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്!
എന്നിട്ടും പതിറ്റാണ്ടുകളായി ഈ ക്രൂരതക്ക് റസാക്കര്‍മാക്ക് ശിക്ഷ കിട്ടിയിരുന്നില്ല. മുജീബുര്‍ റ്ഹ്മാനെ, 1975 ഓഗസ്റ്റ് 15ന് പാക്കിസ്ഥാന്റെ പിന്തുണയോടെ വധിച്ചതും, പട്ടാളം ബംഗ്ലാദേശിന്റെ ഭരണം പിടിച്ചതുമെല്ലാം പില്‍ക്കാലത്തെ ചരിത്രം. ആ ഘട്ടത്തിലൊക്കെ രക്ഷപ്പെട്ടു നില്‍ക്കയായിരുന്നു ഈ കൂട്ടക്കൊലയാളികള്‍. എന്നാല്‍ മുജൂബുര്‍ റഹ്മാന്റെ മകള്‍ ഷെയ്ഖ് ഹസീനക്ക് അവരോട് ക്ഷമിക്കാനായില്ല. 2009-ല്‍ ഹസീനക്ക് അധികാരം ലഭിച്ചതിന് ശേഷം, ഈ ജമാ അത്തെ ഇസ്ലാമി സേനാംഗങ്ങളെ കൂട്ടത്തോടെ വിചാരണയ്ക്ക് വിധേയമാക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇതോടെ, റസാക്കര്‍ പ്രയോഗം ദേശവിരുദ്ധതയെ സൂചിപ്പിക്കാനുള്ള പ്രയോഗമായി മാറി. പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് അവരുടെ കുടുംബാംഗങ്ങളെ ഈ പേരു വിളിച്ച് അധിക്ഷേപിക്കുന്നതിന് എതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായിരുന്നൂ. പക്ഷേ ഹസീന ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര മതമൗലകവാദികളോട് ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല.
പിന്നില്‍ മതമൗലികവാദികളോ?
അതിനിടയില്‍ ഇപ്പോഴത്തെ പ്രശ്നത്തിനുപിന്നില്‍ മതമൗലികവാദികളാണെന്ന ആരോപണവും ശക്തമാണ്. ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിന്ന് ഏതാണ്ട് തുടച്ചു നീക്കപ്പെട്ട ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുളള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ബംഗ്‌ളാ ജമാഅത്തെ ഇസ്ലാമി എന്നിവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാട്ട കലാപകാരികളെ രംഗത്തിറക്കി തങ്ങളുടെ നഷ്ടപ്പെട്ട ജനകീയ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്.
ബംഗ്ലാദേശില്‍ റസാക്കര്‍ എന്നത് അങ്ങേയറ്റം നിന്ദ്യമായ പദമാണ്. എന്നാല്‍ കലാപകാരികള്‍ക്കുള്ളില്‍ നുഴഞ്ഞു കയറിയ മത തീവ്രവാദികളും മറ്റും ആ വാക്കിന് സാമൂഹിക സ്വീകാര്യത നല്‍കാന്‍ ശ്രമിക്കുകയാണ്. തങ്ങള്‍ റസാക്കര്‍മാരാണ് എന്നുള്ള മുദ്രാവാക്യമുയര്‍ത്താന്‍ അവര്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. റസാക്കര്‍മാര്‍ക്ക് സാമൂഹിക സ്വീകാര്യത നേടിയെടുക്കാനുള്ള മത മൗലിക വാദികളുടെ ശ്രമവും ഇതിലുണ്ട് എന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷമൊക്കെ സമാനതകള്‍ ഇല്ലാത്ത സാമ്പത്തിക പ്രതിസദ്ധിയിലുടെയാണ് രാജ്യം കടുന്നുപോയത്. എണ്ണയും വൈദ്യൂതിയും ഇല്ലാതെ അടിസ്ഥന ആവശ്യങ്ങള്‍ക്കുപോലും ബംഗ്ലാദേശ് ബുദ്ധിമുട്ടിയിരുന്നു. ഇതോടെ കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. ചെയ്തു. നേരത്തെ വെള്ളിയാഴ്ച മാത്രമാണ് ബംഗ്ലാദേശില്‍ സ്‌കൂളുകള്‍ക്ക് അവധിയുണ്ടായിരുന്നത്. ഇപ്പോള്‍ ശനിയാഴ്ചയും കൂടി അവധിദിനമാക്കി. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി സമയം എട്ട് മണിക്കൂറില്‍ നിന്ന് ഏഴ് മണിക്കൂറാക്കി കുറച്ചു. പെട്രോള്‍ വില അമ്പത് ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഈ പ്രതിസന്ധിയെയൊക്കെ ഒരു വിധത്തിലാണ് ഷെയ്ഖ ഹസീന നേരിട്ടത്. ഇതിന്റെയൊക്കെ ഫലമായി ഭരണവിരുദ്ധവികാരവും സമരത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
രാജ്യത്തെ സ്വകാര്യമേഖലയില്‍ ഇപ്പോഴും കുലി തുച്ഛമാണ്. അതിനാല്‍, മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് ആശ്രയം. വര്‍ഷം നാലുലക്ഷംപേരാണ് ബംഗ്ലാദേശില്‍ ബിരുദം നേടുന്നത്. റദ്ദാക്കിയ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. ഓഗസ്റ്റ് ഏഴിനാണ് ഇതിലെ വാദം. അതുവരെ ക്ഷമിക്കൂ എന്നാണ് പ്രക്ഷോഭകരോട് ഹസീന പറയുന്നത്. എന്നിട്ടും ആരും കേള്‍ക്കുന്നില്ല. അപ്പോഴാണ് ഇതിലെ രാഷ്ട്രീയം മറനീക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ബംഗ്ലാദേശ് നിയമമന്ത്രി അനിസുല്‍ ഹഖ് വ്യാഴാഴ്ച സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ കലാപകാരികള്‍ ഇതേ വരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇതോടെയാണ് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും അവരുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെയും ആളുകള്‍ പ്രക്ഷോഭത്തില്‍ കടന്നുകയറിയിട്ടുണ്ടെന്ന സര്‍ക്കാര്‍ ആരോപം ശരിയാവുന്നത്.
വാല്‍ക്കഷ്ണം: ബംഗ്ലാദേശിലെ കുഴപ്പങ്ങളെ ഇന്ത്യയും വലിയ ഉത്കണ്ഠയോടെയാണ് കാണുന്നത്. രാജ്യത്തേക്ക് അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാവുമെന്ന് നാം ഭയക്കേണ്ടതുണ്ട്. മാത്രമല്ല നിലവിലെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിച്ചവരാണ്. അതുമാറി ജമാഅത്തെ ഇസ്ലാമിയുടെ ഭരണം വന്നാല്‍, ഇന്ത്യാവിരുദ്ധ രാഷ്ട്രീയത്തിന്റെയും, ഇസ്ലാമിക തീവ്രവാദത്തിന്റെ ഹബ്ബായാണ് ആ നാട് മാറുക.