- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെബിയുടെ ആദ്യ വനിതാ ചെയര്‍ പേഴ്സണായ മാധവി; 10 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ധാവല്‍; ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിലാക്കിയ ദമ്പതികളെ അറിയാം!
മാധവി പുരി ബുച്ച്, ധാവല്‍ ബുച്ച്. ഈ രണ്ടുപേരുകളാണ്, കഴിഞ്ഞ ദിവസങ്ങളിലായി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. ഗൗതം അദാനി ഗ്രൂപ്പിനെതിരെ, യുഎസ് നിക്ഷേപ - ഗവേഷണ സ്ഥാപനമായ ഹിന്‍ഡര്‍ബര്‍ഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലെ വില്ലനും വില്ലത്തിയുമാണ് ഈ ദമ്പതികള്‍. സെബി ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ചിനും, ഭര്‍ത്താവ് ധാവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശ കടലാസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് വിവാദക്കാടുങ്കാറ്റുയര്‍ത്തിയിരിക്കയാണ്. ഷോര്‍ട്ട്‌സെല്ലര്‍ കൂടിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍, മാധവി പുരി […]
മാധവി പുരി ബുച്ച്, ധാവല്‍ ബുച്ച്. ഈ രണ്ടുപേരുകളാണ്, കഴിഞ്ഞ ദിവസങ്ങളിലായി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. ഗൗതം അദാനി ഗ്രൂപ്പിനെതിരെ, യുഎസ് നിക്ഷേപ - ഗവേഷണ സ്ഥാപനമായ ഹിന്‍ഡര്‍ബര്‍ഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലെ വില്ലനും വില്ലത്തിയുമാണ് ഈ ദമ്പതികള്‍. സെബി ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ചിനും, ഭര്‍ത്താവ് ധാവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശ കടലാസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് വിവാദക്കാടുങ്കാറ്റുയര്‍ത്തിയിരിക്കയാണ്. ഷോര്‍ട്ട്‌സെല്ലര്‍ കൂടിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍, മാധവി പുരി ബുച്ചിനും, ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും, അതുകൊണ്ടാണ് അദാനിക്കെതിരെ തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണത്തില്‍പോലും മതിയായ അന്വേഷം ഉണ്ടാവാത്തത് എന്നും ആരോപിക്കുന്നു.
അലാവുദ്ദീന്റെ അത്ഭുത വിളക്ക്് കൈയിലുള്ള ആളാണ് അയാള്‍ എന്നാണ് പറയുക. എവിടെപ്പോയാലും പണവും സമ്പത്തും ഒപ്പം. എങ്ങനെ വീണാലും നാലുകാലില്‍. അതാണ് ഗൗതം അദാനി. കോളജ് ഡ്രോപ്പൗട്ടായി മുബൈയിലെ ഒരു വൈരക്കല്ല് ഫാക്ടറിയില്‍ തൊഴിലാളിയായി ജോലിനോക്കി, ഒടുവില്‍ ബിസിനസിലേക്ക് തിരിഞ്ഞ ആ പയ്യന്റെ വളര്‍ച്ച ബുള്ളറ്റ് ട്രെയിനിന് സമാനം ആയിരുന്നു! മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍, ഒരു ഗുജറാത്തി വ്യവസായി പൊടുന്നനെ വളരുന്ന വരുന്ന കാഴ്ചയാണ് ഇന്ത്യന്‍ വ്യവസായ ലോകം കണ്ടത്. മോദിയുടെ സുഹൃത്ത് അയതുകൊണ്ട് മാത്രമല്ല, കഠിനാധ്വാനവും, അര്‍പ്പണബോധവും, അത്മവിശ്വാസവും അയാളുടെ കുടെപ്പിറപ്പായിരുന്നു. മോദി പ്രധാനമന്ത്രിയായപ്പോള്‍, അദാനിയും രാജ്യമാകെ പടര്‍ന്ന് പന്തലിച്ചു. ഇപ്പോള്‍ രാജ്യവും വിട്ട് യുഎസിലും, യുകെയിലും, ഓസ്‌ട്രേലിയയിലും, ആഫ്രിക്കയിലും ഒക്കെ ബിസിനസുകള്‍ ഉള്ള ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് ആയി അദാനി മാറിക്കഴിഞ്ഞിരിക്കുന്നു.
അതിനിടയിലാണ് കഴിഞ്ഞവര്‍ഷം ഹിന്‍ഡന്‍ബര്‍ഗിന്റെ ആദ്യറിപ്പോര്‍ട്ട് അദാനിക്കെഎം റിജുതിരെ വന്നത്. അന്ന് ഒറ്റ ദിവസംകൊണ്ട് ഒരുലക്ഷം കോടിരൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായത്. ഇപ്പോഴിതാ ഇന്ത്യന്‍ വ്യവസായ ലോകത്തിനും ഓഹരി വിപണിക്കും മൊത്തം ഇടിത്തീയായി ഹിന്‍ഡന്‍ ബര്‍ഗിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് വരുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്നുള്ള കൃത്യമായ ക്രോണി ക്യാപ്പിറ്റിലിസമാണ് ഇന്ത്യയില്‍ നടക്കുന്നത് എന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ സെബിയുടെ ആദ്യ വനിതാ ചെയര്‍പേഴ്സണനായി ചരിത്രം കുറിച്ച മാധവി പുരി ബുച്ചും, ഭര്‍ത്താവ് ധാവല്‍ ബുച്ചും വിവാദ കഥാപാത്രങ്ങളായും മാറിയിരിക്കയാണ്.
ചരിത്രവനിതയില്‍ നിന്ന് വിവാദ നായികയിലേക്ക്
2022 മാര്‍ച്ചില്‍ സെബിയെ നയിക്കുന്ന ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ എന്ന പദവിയെ മാധവിയെ നയിക്കുമ്പോള്‍, അവരെ ചരിത്ര വനിത എന്നാണ് ബിസിനസ് ലോകം വിശേഷിപ്പിച്ചത്. വനിതകള്‍ അത്രയൊന്നും എത്തിപ്പെത്ത മേഖലയാണ് ഇത്. സ്വകാര്യ മേഖലയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അവര്‍. 2017 ഏപ്രില്‍ മുതല്‍ മാധബി സെബിയുടെ മുഴുവന്‍ സമയ അംഗമായി പ്രവര്‍ത്തിക്കുന്നു. മുന്‍ ചെയര്‍പേഴ്സണ്‍ അജയ് ത്യാഗി പടിയിറങ്ങിയതോടെ അവരെ തേടി പുതിയ നിയോഗം എത്തുകയായിരുന്നു.
മാധവി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അമ്മ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. അച്ഛന്‍ കോര്‍പ്പറേറ്റ് ജോലിക്കാരന്‍ ആയിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം, ഐഐഎം അഹമ്മദാബാദില്‍ നിന്ന് എംബിഎയും സ്വന്തമാക്കി.
21 -ാം വയസില്‍ ഇവര്‍, ധവാല്‍ ബുച്ചിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് അഭയ് എന്ന മകനുണ്ട്.
1989-ല്‍ ഐസിഐസിഐ ബാങ്കിലാണ് അവര്‍ കരിയര്‍ ആരംഭിച്ചത്. 12 വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലെത്തി. 2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ രണ്ട് വര്‍ഷത്തിലേറെ ഐസിഐസിഐ സെക്യൂരിറ്റീസ് എംഡി, സിഇഒ റോളുകള്‍ കൈകാര്യം ചെയ്തു. ഐസിഐസിഐയില്‍ 17 വര്‍ഷത്തെ നീണ്ട കരിയര്‍ അവര്‍ക്കുണ്ട്. 1993-നും 1995-നും ഇടയില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ചെഷയര്‍ കോളേജില്‍ ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.
പിഇ സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍ ചേരാനായി അവള്‍ ഒടുവില്‍ സിംഗപ്പൂരിലേക്ക് മാറി. 2011 നും 2017 നും ഇടയില്‍ സെന്‍സര്‍ ടെക്നോളജീസ്, ഇന്നോവെന്‍ ക്യാപിറ്റല്‍, മാക്സ് ഹെല്‍ത്ത്കെയര്‍ തുടങ്ങി നിരവധി കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ (ഐഎസ്ഡിഎം) സ്വതന്ത്ര ഡയറക്ടറായും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ (ബ്രിക്‌സ് ബാങ്ക്) കണ്‍സള്‍ട്ടന്റായും മാധബി സേവനമനുഷ്ഠിച്ചു. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം എന്‍ഐഐടി ലിമിറ്റഡ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് തുടങ്ങിയ നിരവധി പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോളുകള്‍ വഹിച്ചിട്ടുണ്ട്. ഒടുവില്‍ സെബിയില്‍ എത്തി.മാധവിയുടെ കരിയറിലെ ടേണിംഗ് പോയിന്റാണ് സെബി. 2017-ല്‍ അവര്‍ സെബിയുടെ മുഴുവന്‍ സമയ അംഗമായി നിയമിക്കപ്പെട്ടു. ഇപ്പോളിതാ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ വിവാദ നായികയുമായി.
10 മില്യണ്‍ ഡോളറിന്റ ആസതിയുള്ള ധാവല്‍
1984- ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഡല്‍ഹിയില്‍ നിന്ന്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും പ്രമുഖ കമ്പനികളുടെ ഉന്നതസ്ഥാനം വഹിക്കുകയും ചെയ്ത വ്യക്തിയാണ്, മാധവിയുടെ ഭര്‍ത്താവ് ധാവല്‍ ബുച്ച്. ബഹുരാഷ്ട കമ്പനിയായ യൂണിലിവറില്‍ 30 വര്‍ഷത്തെ സേവനം. യൂണിലിവറിന്റെ എക്സിക്യൂട്ടിവ് ഡയറ്കടര്‍ മുതല്‍ പ്രൊക്യൂയര്‍മെന്റ് വിഭാഗത്തിന്റെ മേധാവി വരെയുള്ള പദവികളിലേക്ക് വളര്‍ന്നു. അവിടെ നിന്നാണ് ശമ്പള ഇനത്തില്‍ മാത്രം കോടികളാണ് ധാവലിന് കിട്ടിയത്. യു.എസ്. ഇക്വിറ്റി സ്ഥാപനമായ ബ്ലാക്സ്റ്റോണിന്റെയും കണ്‍സള്‍ട്ടിംഗ് കമ്പനിയായ അല്‍വാരസ് ആന്‍ഡ് മാര്‍ഷലിന്റെയും ഉപദേശകനാണ് നിലവില്‍ ധാവല്‍ ബുച്ച്. പ്രമുഖ തുണിത്തര നിര്‍മാണ കമ്പനിയായ ഗില്‍ഡാന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളുമാണ്. പ്രൊക്യൂയര്‍മെന്റ്, സപ്ലൈ ചെയിന്‍ മേഖലകളിലെ വിദഗ്ധന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ധാവല്‍ ബുച്ചിന് 10 മില്യന്‍ ഡോളറിന്റെ (ഏകദേശം 83.9 കോടി രൂപ) ആസ്തിയുണ്ട്. യൂണിലിവറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലയളവിലാണ് , 2015 നും 2019 നും ഇടയില്‍, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ ഫണ്ട് കമ്പനികളില്‍ നിക്ഷേപം നടത്തുന്നത്. 2015 ജൂണ്‍ അഞ്ചിനാണ് സിങ്കപ്പൂരില്‍ ഐ.പി.ഇ പ്ലസ് ഫണ്ട് ഒന്നില്‍ ദമ്പതികള്‍ അക്കൗണ്ട് തുറക്കുന്നതെന്ന് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് രേഖകള്‍വെച്ച് ഇക്കണോമികസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണത്തിന്റെ ഉറവിടമായി കാണിച്ചത് ശമ്പളമെന്നാണ്. ഒരു കോടി ഡോളറിന്റെ വരുമാനമുണ്ടെന്നും ദമ്പതികള്‍ സമര്‍പ്പിച്ച രേഖകള്‍ തെളിയിക്കുന്നു.
ഷെല്‍ കമ്പനികളിലൂടെ ഒഴുകുന്നത് കോടികള്‍
മാധവി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സെബി നടപടി എടുക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. മൗറീഷ്യസില്‍ രൂപീകരിച്ച ഈ ഷെല്‍ കമ്പനി കേന്ദ്രീകരിച്ചാണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി വില കൃത്രിമമായി ഉയര്‍ത്തിയത്. ഈ കമ്പനികള്‍ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടി കൃത്രിമമായി വില പെരുപ്പിക്കുകയായിരുന്നു. നിക്ഷേപകരെയും വിപണിയെയും നോക്കുകുത്തികളാക്കി വര്‍ഷങ്ങളോളം ഇത് തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെബി ചെയര്‍ പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. മൗറീഷ്യസില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ പേരിലുള്ള രഹസ്യ കമ്പനികളില്‍ മാധവി ബുച്ചയും ഭര്‍ത്താവ് ധാവല്‍ ബുച്ചയും നിക്ഷേപം നടത്തിയെന്ന് സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ അടക്കം പുറത്തുവിട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് സമര്‍ഥിക്കുന്നത്. 2017- ല്‍ മാധവി സെബിയുടെ മുഴുവന്‍ സമയ അംഗമായപ്പോള്‍ നിക്ഷേപം മുഴുവന്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി ധവാല്‍ അയച്ച ഇ-മെയിലിന്റെ രേഖകളും ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ടു. ട്രൈഡന്റ് ട്രസ്റ്റ് എന്ന മൗറീഷ്യസ് കമ്പനിയിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ചുമതല ഭര്‍ത്താവ് മാധവ് ബുച്ചയെ ഏല്‍പിച്ചതയാണ് മെയിലില്‍ പറയുന്നത്. എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളറാണ് ഇരുവര്‍ക്കുമായി ഈ സ്ഥാപനത്തിലുള്ള നിക്ഷേപം.
മാധവിയുടെ പദവി ഉപയോഗിച്ച് , താന്‍ ഉപദേശകനായ, ബ്ലാക്ക്സ്റ്റോണിന് വേണ്ടി വഴിവിട്ട പല സഹായങ്ങളും ചെയ്തതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.ധവാല്‍ ബ്ലാക്ക് സ്റ്റോണിന്റെ ഉപദേശകനായിരിക്കെയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍.ഇ.ഐ.റ്റി) സംബന്ധിച്ച നിയന്ത്രണങ്ങളില്‍ സെബി കാതലായ മാറ്റം കൊണ്ടുവരുന്നത്. ഇത് ബ്ലാക്ക്സ്റ്റോണ്‍ പോലുള്ള സ്വകാര്യ ഇക്വിറ്റി കമ്പനികളെ സഹായിക്കാനാണെന്നാണ് ആരോപണം. ഈ കാലയളവില്‍ ബ്ലാക്ക്സ്റ്റോണ്‍ രണ്ട് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ രൂപീകരിക്കുകയും സെബിയുടെ അംഗീകാരത്തോടെ ഇവയിലൊരെണ്ണം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
2013 ല്‍ സിംഗപ്പുരില്‍ റജിസ്റ്റര്‍ചെയ്ത അഗോറ പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലും മാധവി ബുച്ചയ്ക്ക് 99 ശതമാനം ഓഹരിയുണ്ടായിരുന്നു. 2022 ല്‍ സെബിയുടെ ചെയര്‍പേഴ്‌സണ്‍ ആയപ്പോള്‍ ഭിന്നതാല്‍പര്യം എന്ന ആരോപണം ഒഴിവാക്കാന്‍ അഗോരയിലെ നിക്ഷേപം ഭര്‍ത്താവ് ധാവല്‍ ബുച്ചയ്ക്ക് കൈമാറിയെന്നും രേഖകള്‍ പറയുന്നു. മാധവിയുടെയും ഭര്‍ത്താവിന്റെയും നിയന്ത്രണത്തിലുള്ള കണ്‍സള്‍ട്ടിംഗ് കമ്പനിയായ അഗോര അഡൈ്വസറിക്ക് കണ്‍സള്‍ട്ടിംഗ് പ്രതിഫലമായി 2,61,000 ഡോളര്‍ (ഏകദേശം 21.91 ലക്ഷം രൂപ) വരുമാനമെത്തിയത് ദുരൂഹമാണെന്നും ആരോപണം തുടരുന്നു. അദാനി ഗ്രൂപ്പിനെതിരെ 18 മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച് അന്വേഷണം നടത്താത്തത് ദമ്പതികളുടെ സ്വാധീനം കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-ലെ റിപ്പോര്‍ട്ട് ശരിവെക്കുന്നോ?
2023 ജനുവരിയിലാണ് അദാനിക്കെതിരെ ഒന്നാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉണ്ടാവുന്നത്. അതില്‍ പറയുന്ന പല കാര്യങ്ങളും പുതിയ റിപ്പോര്‍ട്ടില്‍ സാധൂകരിക്കപ്പെടുന്നുണ്ടെന്ന് പറയുന്നുണ്ട്. അദാനിഗ്രൂപ്പിന് നിക്ഷേപുമുണ്ടെന്ന് പറയുന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി പരിശോധിച്ചും, രേഖകള്‍ പഠിച്ചും രണ്ടുവര്‍ഷം എടുത്താണ് 2023ലെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് അന്നത്തെ പ്രധാന കണ്ടെത്തല്‍. ഈ ഓഹരികള്‍വെച്ച് വന്‍ തുക വായ്പ എടുത്തെന്നും, അദാനി കുടുംബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളര്‍ ആസ്തിയുള്ള ഗ്രൂപ്പ് ഇതില്‍ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ 17.8 ട്രില്യണ്‍ ഇന്ത്യന്‍ രൂപ (218 ബില്യണ്‍ യുഎസ് ഡോളര്‍)യുടെ തട്ടിപ്പ് നടത്തിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അദാനിയുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികളും തിരിമറി നടത്തിയിട്ടുണ്ട്. മൗറീഷ്യസിലും യുഎഇയിയും മറ്റുപല രാജ്യങ്ങളിലും ഷെല്‍ കമ്പനികള്‍ ഉണ്ടാക്കുകയാണ്. ഗൗതം അദാനിയുടെ സഹോരനായ വിനോദ് അദാനിയാണ് ഈ കമ്പനികളുടെ നടത്തുന്നത്. ഇത്തരം തട്ടിക്കൂട്ട് കമ്പനികളാണ് ഓഹരിവില നിയന്ത്രിക്കുന്നത്. ഈ കമ്പകികള്‍ ബോധപൂര്‍വം ഓഹരി കൂട്ടിവാങ്ങി, വില ഉയര്‍ത്തിക്കാട്ടി കമ്പനിയുടെ മൂല്യം കൂട്ടുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.
അദാനിക്ക് നിക്ഷേപമുള്ള പലയിടത്തും ഹിന്‍ഡന്‍ ബര്‍ഗ് നേരിട്ട് പോയി അന്വേഷിച്ചു. ബഹാമസില്‍ രജിസ്റ്റര്‍ ചെയ്തിരക്കുന്നത് ഒരു കല്‍ക്കരി കമ്പനിയാണ്. പക്ഷേ ഹിന്‍ഡന്‍ ബര്‍ഗ് പ്രതിനിധികള്‍ വിടെ പോയി അന്വേഷിച്ചപ്പോള്‍ കല്‍ക്കരിയില്ല. ചെറിയ പെട്ടിക്കടപോലെ ഒരു കടയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. സിങ്കപ്പൂരില്‍ അദാനിയുടെ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ മൂന്നെണ്ണമാണ്. അദാനിക്കുവേണ്ടി ഷെയര്‍ ഇറക്കിയ ആളും, അദാനി കമ്പനിയും, എല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരു സ്ഥലത്ത്. ഇത്തരം ഗുരതരമായ ക്രമക്കേടുകളാണ് ഒന്നാം ഹിന്‍ഡര്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ എന്നിട്ട് എന്തുകൊണ്ട് സെബിയുടെ അന്വേഷണത്തില്‍ അദാനി കുറ്റവിക്മുക്തനായി എന്നതിന്റെ ഉത്തരമാണ് രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. സെബി ചെയര്‍പേഴ്സന്‍ വരെ അദാനിക്ക് ഒപ്പമാവുമ്പോള്‍, പിന്നെ എങ്ങനെയാണ് അയാള്‍ രക്ഷപ്പെടാതിരിക്കുക?
അതേസമയം ഇന്ത്യയെയും അദാനിയെയും തകര്‍ക്കാനുള്ള അജണ്ട വെച്ചുള്ള പാശ്ചാത്യ ശക്തികളുടെ നീക്കമാണിതെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ഷോര്‍ട്ട് സെല്ലേഴ്സായ ഹിന്‍ഡന്‍ബര്‍ഗിന് കൃത്യമായ സാമ്പത്തിക താല്‍പ്പര്യമുണ്ട്. തൊട്ട് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും, ശ്രീലങ്കയും, അഫ്ഗാനുമൊക്ക പാപ്പരാവുമ്പോള്‍ ഇന്ത്യ അതിവേഗം വളരുകയാണ്. ഇനിയുള്ള സാമ്പത്തിക വര്‍ഷങ്ങള്‍ ഇന്ത്യയുടേതാവുമെന്ന് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയതാണ്. ആ വളര്‍ച്ചയില്‍ നിര്‍ണ്ണായക റോള്‍ ആണ് ഗൗതം അദാനിക്ക് ഉള്ളത്. ഇന്ത്യയുടെ ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡ് ആണ് അദാനി. അപ്പോള്‍ ഫലത്തില്‍ ആ ഗ്രൂപ്പിനെ തകര്‍ക്കുകയാണ്, ഇന്ത്യയെ പിന്നോട്ട് അടിപ്പിക്കാന്‍ എളുപ്പം എന്ന് പറഞ്ഞുകൊണ്ടാണ്, ചിലര്‍ അദാനിയെ ന്യായീകരിക്കുന്നത്. മാത്രമല്ല ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് അദാനിയെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
അദാനിക്ക് 55,000 കോടി രൂപയുടെ നഷ്ടം
അതിനിടെ, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം തള്ളി സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചും അദാനി ഗ്രൂപ്പും. ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി മാധവി പ്രസ്താവനയിലൂടെ അറിയിച്ചു. റിപ്പോര്‍ട്ടിന് പിന്നില്‍ ദുസ്സൂചനയുണ്ടെന്നും എല്ലാ സാമ്പത്തിക ഇടപാടകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണ്. ഹിന്‍ഡന്‍ബര്‍ഗിനെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിച്ചതിലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലുമുള്ള പ്രതികാരമാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നും മാധവി ബുച്ച് പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നതായി അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വ്യക്തിഗത ലാഭത്തിന് വേണ്ടി തയ്യാറാക്കിയതും വസ്തുതകളോടും നിയമത്തോടും ഏതെങ്കിലും പരിഗണന കാട്ടാതെയുള്ള വ്യാജമായ ആരോപണങ്ങളാണിത്. സമഗ്രമായ അന്വേഷണം നടത്തി അടിസ്ഥാനരഹിതമെന്ന് തെളിയിക്കപ്പെട്ടതും 2023 മാര്‍ച്ചില്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞതുമായ അപകീര്‍ത്തികരമായ വാദങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്.
ആരോപണങ്ങളില്‍ പരാമര്‍ശിച്ച വ്യക്തികളുമായി അദാനി ഗ്രൂപ്പിന് ബന്ധമില്ല. ഗ്രൂപ്പിന്റെ നിലവാരത്തെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമമാണ്. നിയമം അനുസരിച്ച് മുന്നോട്ടുപോകുന്നതില്‍ ഉറച്ചു നില്‍ക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് നടത്തുന്ന ആരോപണങ്ങള്‍ ധാര്‍ഷ്ട്യപൂര്‍വമായ അവഗണനയ്ക്കുള്ള തികഞ്ഞ തെളിവുകളാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം അദാനി സെബി ചെയര്‍പേഴ്സണ്‍ ബന്ധം പുറത്ത് വരാന്‍ ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. അഴിമതിയുടെ മുഴുവന്‍ വ്യാപ്തി വ്യക്തമാക്കാന്‍ ജെ.പി.സി അന്വേഷണം അനിവാര്യമാണ്. സെബി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെബി ചെയര്‍പേഴ്സണ്‍ ആയ ശേഷവും മാധവി ബുച്ച്, അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഈകൂടികാഴ്ചകള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. മാധവി ബുച്ചെ സെബി ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് രാജിവെക്കണം എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗിന്റെ കത്തുകള്‍ക്ക് എന്തുകൊണ്ട് മറുപടി ലഭിച്ചില്ലെന്ന് ഇപ്പോള്‍ മനസിലായി എന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എക്സില്‍ കുറിച്ചു.
അതിനിടെ, ഹിന്‍ഡന്‍ബര്‍ഗിനെതിരെ ബിജെപി രംഗത്തെത്തി. ഇന്ത്യയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയെ സൂചിപ്പിക്കുന്നതാണ് ആരോപണമെന്ന് ബിജെപി നേതാവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു. ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തിലിരിക്കുന്ന സമീപകാല ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, പാര്‍ലമെന്റ് സമ്മേളനങ്ങളുമായി ഒത്തുപോകുന്നതായി തോന്നുന്നു. പ്രതിപക്ഷം അവരുമായി ചേര്‍ന്ന് സംസാരിക്കുന്നു. അവര്‍ ഇത് പാര്‍ലമെന്റ് സമ്മേളനത്തിലും ഉന്നയിച്ചു. റിപ്പോര്‍ട്ട് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ഇന്ത്യയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെയും ബാധിച്ചിരിക്കയാണ്. 2023 ജനുവരിയിലെ ആദ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഇടിവു പോലെ ഇല്ലെങ്കിലും വിപണി താഴോട്ടു നീങ്ങുകയാണ്. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ അരശതമാനം താഴ്ചയിലായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ രാവിലെ എട്ടര ശതമാനം വരെ താഴ്ന്നു. ഇടയ്ക്കു നഷ്ടം കുറച്ചെങ്കിലും പിന്നീടു കൂടുതല്‍ നഷ്ടത്തിലേക്ക് അവ നീങ്ങി. അദാനി ടോട്ടല്‍ എട്ടും അദാനി എന്റര്‍പ്രൈസസ് അഞ്ചും ശതമാനം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ തിങ്കളാഴ്ച രാവിലെ 55,000 കോടി രൂപയുടെ കുറവുണ്ടായി എന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാല്‍ക്കഷ്ണം: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ശരിയായാലും തെറ്റായാലും ഒരുകാര്യം സമ്മതിക്കാതിരിക്കാന്‍ വയ്യ. തുറന്ന വിപണിയും, തുറന്ന മത്സരവം പ്രോല്‍സാഹിപ്പിക്കുന്ന യഥാര്‍ത്ഥ ക്യാപിറ്റലിസം ഇവിടെ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഭരണകാലത്തും, ബിജെപി ഭരണകാലത്തും ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വ്യവസായികള്‍ ഉണ്ടായിരുന്നു. ഈ ക്രോണി ക്യാപിറ്റലസം തന്നെയാണ്, സത്യത്തില്‍ ഇന്ത്യയുടെ ശാപവും.