സൂറത്ത്: ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ വൻ അപകടം. പ്ലാസ്റ്റർ ഓഫ് പാരിസ് കഷ്ണം തലയിൽ വീണ് 12 വയസ്സുകാരൻ അതിദാരുണമായി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്തിലെ സർത്താനയ്ക്കടുത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിരവധി കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കാണാം. അതിനിടെയാണ് അഞ്ചാം നിലയിലെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരിസ് അടർന്ന് കൂട്ടത്തിലെ ഒരു കുട്ടിയുടെ തലയിൽ വീണത്. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി.

തലയ്ക്ക് പരിക്കേറ്റ് സൂറത്തിലെ ആശുപത്രിയിൽ 10 ദിവസത്തിലേറെയായി ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. കെട്ടിട പരിസരത്തെ സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞു. മുകളിൽ നിന്ന് ഒരു വസ്തു മന്ത്രയുടെ തലയിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.