റായ്പുർ: ഛത്തീസ്ഗഢ്- ഒഡിഷ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ. ​ഗരിയാബാദിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുകൾ. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടു എന്നാണ് വിവരങ്ങൾ. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്.

ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12-ന് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടതാണ് ഇതിന് തൊട്ടുമുമ്പുണ്ടായ സംഭവം നടന്നത്. ജനുവരി ഒമ്പത്, ആറ് തിയ്യതികളിലും എന്‍കൗണ്ടറുകളില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.