പുരി: ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽ വീഡിയോ എടുക്കുന്നതിനിടെ 15-കാരൻ ട്രെയിൻ തട്ടി മരിച്ചു. ജനക്‌ദേവ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. മംഗളഘട്ട് സ്വദേശിയായ വിശ്വജിത് സാഹു ആണ് മരിച്ചത്. അമ്മയോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു വിശ്വജിത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനായി വീഡിയോ എടുക്കാനാണ് ഇയാൾ റെയിൽവേ ട്രാക്കിന് സമീപം നിന്നത്.

എതിർദിശയിൽ നിന്നെത്തിയ ട്രെയിൻ വരുന്നതിനിടെ ഇയാൾ സ്വയം വീഡിയോ പകർത്തിയതായാണ് വിവരം. ദൃശ്യങ്ങളിൽ ട്രെയിൻ ശരീരത്തിൽ ഇടിക്കുകയും പിന്നാലെ ഫോൺ താഴെ വീഴുന്നതും കാണാം. സംഭവത്തിൽ ഒഡീഷ റെയിൽവേ പോലീസ് (ജി.ആർ.പി.) അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഓഗസ്റ്റ് മാസത്തിൽ ദുദുമ വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ സാഗർ എന്ന 22-കാരൻ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. യൂട്യൂബ് ചാനലിനായി ഡ്രോൺ ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ പകർത്തുമ്പോഴാണ് സാഗറിന് അപകടം സംഭവിച്ചത്.