താനെ: വിവാഹം കഴിക്കാന്‍ 21 വയസു വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ മനംനൊന്ത് 19 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലെ ഡോംബിവ്‌ലിയിലാണ് സംഭവം നടന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തന്റെ നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഉടന്‍തന്നെ വിവാഹം കഴിക്കാന്‍ ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, വിവാഹപ്രായമായ 21 തികയുന്നതുവരെ കാത്തിരിക്കണമെന്ന് കുടുംബം നിര്‍ബന്ധിച്ചു. ഇത് യുവാവില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കി പൊലീസ് പറയുന്നു.

നവംബര്‍ 30-നാണ് സംഭവം നടന്നത്. യുവാവ് വീട്ടിലെ സീലിംഗില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഉടന്‍തന്നെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ മന്‍പാഡ പൊലീസ് സ്റ്റേഷന്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.