ലക്‌നൗ: ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്കെതിരെ ക്രൂരപീഡനം. രണ്ട് പേർ ചേർന്ന് 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പെൺകുട്ടിയുടെ തലയ്ക്ക് പ്രതികൾ ഇഷ്ടിക കൊണ്ടടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുന്നുണ്ട്. ലക്‌നൗവിലെ ബക്ഷി കാ തലാബ് എന്ന സ്ഥലത്തായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഭക്ഷണശാലയിൽ നിന്ന് ആഹാരം വാങ്ങാനായി പുറപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയത് ഗുരുതരമായ പരിക്കുകളോടെയായിരുന്നു. ശേഷം പെൺകുട്ടി ആക്രമണ വിവരം വീട്ടുകാരോട് പറയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില മോശമാണെന്നാണ് വിവരം. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് പൊലീസെത്തി മൊഴികൾ രേഖപ്പെടുത്തുകയായിരുന്നു. ദളിത് പെൺകുട്ടികൾക്ക് നേരെയുണ്ടാവുന്ന ലൈംഗിക അക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾ പോലീസ് പിടിയിലായി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), എസ്‌സി/എസ്ടി ആക്‌ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടിക്കെതിരെ ആക്രമണം നടത്തിയ കൂട്ട് പ്രതി ഒളിവിലാണ്. പോലീസ് നിരവധി സംഘങ്ങളെ രൂപീകരിച്ച് കൊണ്ട് ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കേസിൽ ചിലരെ ചോദ്യം ചെയ്യുന്നതിനായും കസ്റ്റഡിയിലെടുത്തിട്ടുണ്ട്