ദോഹ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ ഒരു മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം.

അതേസമയം, ഒമാനിലെ കസബ് തീരത്തിന് സമീപം ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിന്റെ ക്യാപ്റ്റനായ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമും ജീവനക്കാർ താമസിച്ചിരുന്ന ക്യാബിനുകളും പൂർണ്ണമായും കത്തിനശിച്ചു.

സംഭവത്തിൽ മറ്റ് മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കാണാതായവർക്കായി ഒമാൻ കോസ്റ്റ് ഗാർഡിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടന്നുവരികയാണ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.