ന്യൂഡൽഹി: ഡൽഹിയിൽ സുരക്ഷിതമായി വാഹനം ഓടിക്കാൻ നിർദ്ദേശിച്ചതിൽ പ്രതികാരമായി ബൈക്കിലെത്തിയ സംഘം 22കാരനെ കുത്തികൊലപ്പെടുത്തി. പ്രതാപ് നഗർ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സഹോദരൻ ഹിമാൻഷുവിനൊപ്പം ദസറ മേളയിൽ പങ്കെടുത്ത് മടങ്ങവെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന സഹോദരന് ഗുരുതരമായിപരിക്കേറ്റു. സംഭവത്തിൽ വികാസ് (22)നെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

മൂന്നുപേരുമായി ബൈക്കിൽ പോയ സംഘത്തോട് സുരക്ഷിതമായി വാഹനം ഓടിക്കാൻ നിർദേശിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് വിവരം. ഇതുകേട്ട് മൂന്നുപേരും ബൈക്കിൽ നിന്നിറങ്ങി അങ്കുറിനെയും ഹിമാൻഷുവിനെയും മർദിക്കാൻ ആരംഭിച്ചു. ശേഷം പ്രതികളിലൊരാൾ കത്തിയെടുത്ത് രണ്ട് സഹോദരന്മാരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കഴുത്തിലും തുടയിലും കത്തികൊണ്ട് മാരകമായി മുറിവേറ്റ അങ്കുറിനെ സഹോദരനായ ഹിമാൻഷു ഓട്ടോറിക്ഷയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളെ രക്ഷപ്പെടുത്താനായില്ല. അങ്കുറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

"മരിച്ചയാളുടെ നെഞ്ചിലും വയറിലും തുടയിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ള രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്," എന്നും അന്വേഷണ സംഘത്തിലെ പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.