- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം; അപകടം തമിഴ്‌നാട് നാഗപ്പട്ടണത്ത്
ചെന്നൈ: സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് നാഗപ്പട്ടണത്താണ് സംഭവം. സീലിംഗ് ഫാന്‍ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മീനയ്ക്കും ഗുരുതരമായ പരിക്കുണ്ട്.
വെള്ളിയാഴ്ച രാത്രി വിജയകുമാറും ഭാര്യ മീനയും മക്കളായ ഹർഷിണിയും കീർത്തിശ്രീയും മകൻ യാസിൻറാമും ഉറക്കത്തിലായിക്കെയായിരുന്നു അപകടമുണ്ടായത്.
കോൺക്രീറ്റ് ഭാഗങ്ങൾ ഉൾപ്പെടെ പുറത്ത് വീണ കുട്ടി ബോധരഹിതനായിരുന്നു. പ്രദേശവാസികളെത്തി കുട്ടിയെ അപ്പോള്‍ത്തന്നെ നാഗപട്ടണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയെ എമർജൻസി വാർഡിൽ അഡ്മിറ്റ് ചെയ്തു. ഇവരുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
2004ലെ സുനാമി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. പ്രദേശത്ത് ആകെ 500 ഓളം വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്. മിക്ക വീടുകളും അപകട നിലയിലാണെന്നും പരാതിപ്പെട്ടിട്ട് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സുരക്ഷാ ആശങ്കകൾ കാരണം നിരവധി പേർ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകൾ ഉപേക്ഷിച്ച് പോയിരുന്നതായും അധികൃതരോട് വീടുകൾ പരിശോധിച്ച് വേണ്ട നവീകരണങ്ങൾ ഉറപ്പാക്കുവാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു.