ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരും വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഹരിയാനയില്‍ വോട്ട് വിഭജിച്ചുപോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത തേടണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സീറ്റ് വിഭജനം ബുദ്ധിമുട്ടാവുമെന്നായിരുന്നു ഹൂഡയടക്കമുള്ള നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചത്.

രാഹുലിന്റെ നിര്‍ദേശത്തെ എ.എ.പി. സ്വാഗതംചെയ്തിരുന്നു. കോണ്‍ഗ്രസുമായി എ.എ.പി. സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ എം.പി. രാഘവ് ഛദ്ദയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബരിയയാണ് കോണ്‍ഗ്രസിനുവേണ്ടി പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്തത്.

എന്നാല്‍, തിങ്കളാഴ് വൈകുന്നേരത്തിനുള്ളില്‍ സീറ്റ് ധാരണയുണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.എ.പി. സംസ്ഥാന അധ്യക്ഷന്‍ സുശീല്‍ ഗുപ്ത മുന്നറിയിപ്പ് നല്‍കി. 20 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എ.എ.പി. കുറഞ്ഞത് 10 സീറ്റെന്ന നീക്കുപോക്കിനും തയ്യാറായിരുന്നുവെന്നാണ് സൂചന.

ഒറ്റസംഖ്യയിലുള്ള സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂവെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. നാല് സീറ്റുവരെ മാത്രമേ സാധ്യമാവൂ എന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഹൂഡ രാഹുലിനോട് പറഞ്ഞത്. ഏഴുസീറ്റുവരെയെന്ന ഒത്തുതീര്‍പ്പിനും ഒടുവില്‍ തയ്യാറായിരുന്നുവെന്ന സൂചനയുണ്ട്.