ബംഗളൂരു: നെലമംഗല അടകമരഹള്ളിയിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗരാജു(50), ശ്രീനിവാസ്(50) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഭിഷേഖ് ഗൗഡ, ശിവശങ്കർ, ലക്ഷ്മിദേവി, ബസന ഗൗഡ എന്നിവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് അന്വേഷണം തുടങ്ങി. വീടിനുള്ളിലെ ഗ്യാസ് ചോർച്ചയാണ് തീപിടിത്ത കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ബല്ലാരി സ്വദേശിയായ നാഗരാജു ഭാര്യ ലക്ഷ്മിദേവിക്കും മക്കളായ അഭിഷേഖ് ഗൗഡ, ബസന ഗൗഡ എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒഴിഞ്ഞ സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ വാതക ചോർച്ച അഭിഷേക് ശ്രദ്ധിച്ചില്ല. ദേവന്റെ ഫോട്ടോക്ക് മുന്നിൽ കത്തിച്ച വിളക്കിൽ നിന്ന് വാതകത്തിലേക്ക് തീപിടിച്ചു. തീ പെട്ടെന്ന് വീടാകെ പടരാൻ ഇത് കാരണമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.