രാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തിൽ നാല് ശബരിമല തീർത്ഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. കീഴക്കര സ്വദേശിയായ കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്ര സ്വദേശികളായ രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളായ തീർത്ഥാടകരാണ് മരിച്ചവരിൽ നാല് പേരും. രാമനാഥപുരം ദേശീയപാതയിൽ റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. രാമനാഥപുരം സ്വദേശികളാണ് അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്നത്. രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുകയായിരുന്ന ഇവരാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.