ലക്നൗ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബറൈചിലാണ് നാടിനെ ഞെട്ടിപ്പിച്ച ദാരുണ അപകടം നടന്നത്. ബറൈച് - ലക്നൗ ദേശീയ പാതയിൽ സഞ്ചരിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ട്രക്കുമായി തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാർ യാത്രക്കാരിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചികിത്സയ്ക്കായി പോവുകയായിരുന്ന സൈനികനും കുടുംബാംഗങ്ങളുമാണ് മരിച്ചത്.

കരസേനയിൽ സൈനികനായ അബ്റാർ (28), ഒരു മാസം പ്രായമുള്ള മകൾ (ഹനിയ), അബ്റാറിന്റെ മാതാപിതാക്കളായ ഗുലാ ഹസ്റത്ത് (65), ഫാത്തിമ (55), ബന്ധുവായ ചാന്ദ് (22) എന്നിവരാണ് മരിച്ചത്. അബ്റാറിന്റെ ഭാര്യ റുക്കിയയെ (25) ഗുരുതര പരിക്കുകളോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബറൈച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബറൈചിൽ നിന്ന് കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇവർ ലക്നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ കൈസെർഗഞ്ച് പ്രദേശത്തെ കരിം ബെഹദ് ഗ്രാമത്തിനടത്തുവെച്ചാണ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.