ജയ്പൂർ: പിസ്റ്റൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുലി ജില്ലയിലെ വിരാട്‌നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ദേവാൻഷു എന്ന കുട്ടിയാണ് മരിച്ചത്.

സംഭവസമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. കളിക്കുന്നതിനിടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ പിസ്റ്റൾ കുട്ടിയുടെ കയ്യിൽ കിട്ടിയത്. ഇത് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രിഗർ അമർന്നതോടെ വെടിയൊച്ച കേൾക്കുകയും തലയിൽ വെടിയുണ്ട തുളച്ചുകയറുകയും ചെയ്യുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. ഉടൻതന്നെ അവർ കുട്ടിയുടെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.