ഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. 40 വയസ്സുകാരനായ ദുർഗേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11-ന് പ്രസാദ് നഗർ പ്രദേശത്തായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്.

ഡൽഹിയിലെ ട്രാഫിക് സിഗ്നലുകളിൽ റോസാപ്പൂക്കൾ വിൽക്കുന്ന പെൺകുട്ടിയെയാണ് ദുർഗേഷ് തട്ടിക്കൊണ്ടുപോയത്. റോസാപ്പൂക്കൾ മുഴുവൻ വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് പ്രൊഫസർ രാം നാഥ് വിജ് മാർഗിന് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിനു ശേഷം അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചെന്ന് കരുതി ദുർഗേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

എന്നാൽ, ബോധം വീണ്ടെടുത്ത പെൺകുട്ടി അതുവഴി കടന്നുപോയ ഒരാൾ വഴി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ ആഘാതത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ പെൺകുട്ടിക്ക് സാധിക്കാതെ വന്നത് പോലീസിനെ തുടക്കത്തിൽ കുഴക്കി.

തുടർന്ന്, പെൺകുട്ടിയെ അവസാനമായി കണ്ട സ്ഥലത്തുനിന്നും വനത്തിലേക്കുള്ള വഴികളിൽ സ്ഥാപിച്ചിരുന്ന ഏകദേശം 15 റൂട്ടുകളിലെ 300-ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഒരു ക്ലിപ്പിൽ പെൺകുട്ടി ഒരു വാഹനത്തിൽ കയറുന്നത് കണ്ടെത്തുകയും, അതിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ അതേദിവസംതന്നെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദുർഗേഷിനെതിരേ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ പോലീസ് നടത്തിയ അടിയന്തരവും വിപുലവുമായ അന്വേഷണമാണ് പ്രതിയെ അതിവേഗം പിടികൂടാൻ സഹായിച്ചത്.