ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയോടും ഭര്‍ത്താവിനോടും അധികൃതര്‍ അപമര്യാദയായി പെരുമാറിയതായി ആരോപണം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടഞ്ഞെന്നും മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും നമിത സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു.

താനും ഭര്‍ത്താവും ജന്മംകൊണ്ടു ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോയിട്ടും ഇതുവരെ ആരും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു തയാറാകണമെന്ന് നമിത ആവശ്യപ്പെട്ടു.

അതേസമയം, മാസ്‌ക് ധരിച്ചതിനാലാണു വിവരങ്ങള്‍ തേടിയതെന്നും ഇതു പതിവു രീതിയാണെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. മാസ്‌ക് ധരിച്ചതിനാല്‍ നമിതയാണു വന്നതെന്നു മനസിലായില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.