ബാലസോർ: ഒഡീഷയിലെ ബാലസോറിൽ പാമ്പിനെ വായിൽ കടിച്ചുയർത്തി സാഹസിക പ്രകടനം നടത്തിയയാളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റെമുനിയ സ്വദേശിയായ ഖഗാ ഭായ് എന്നയാളാണ് ഈ പ്രകടനം നൽകിയത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ, നിലത്തുണ്ടായിരുന്ന പാമ്പിനെ ഖഗാ ഭായ് അതിവേഗം വായിലെടുക്കുന്നതായി കാണാം.

തുടർന്ന്, വായിൽ പാമ്പുമായി അയാൾ ചുറ്റും നടക്കുന്നു. ഈ സമയത്ത്, പാമ്പിനെ മോചിപ്പിക്കാൻ ശ്രമിച്ച ഒരാളെ ഖഗാ ഭായ് തള്ളിമാറ്റുകയും പിന്നോട്ട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. യുവാവിന് ചുറ്റും നിരവധി ആളുകൾ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. ഒടുവിൽ, യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പാമ്പിനെ നിലത്തുവച്ച് ഒരു ചാക്കിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത്, അയാൾ മറ്റൊരു പാമ്പിനെ എടുക്കുന്നതായും കാണാം. ഈ ദൃശ്യങ്ങൾ കണ്ടവരെല്ലാം ഞെട്ടൽ രേഖപ്പെടുത്തി.

അടുത്തിടെ സമാനമായ മറ്റൊരു സംഭവം ആന്ധ്രാപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. മദ്യലഹരിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഭയന്ന് ഓടി രക്ഷപ്പെടുന്നതിന് പകരം, യുവാവ് പാമ്പിനെ എടുത്ത് അതിൻ്റെ തല കടിച്ചു. പാമ്പ് ചത്തതോടെ അയാൾ അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.