ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ കൈവശമുള്ള ബോയിംഗ് വിമാനങ്ങളില്‍ സുരക്ഷാ ആശങ്കയെന്ന് പരാതി. വിമാനങ്ങളുടെ സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നത് വരെ ബോയിംഗ് ഫ്‌ലീറ്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് അഭിഭാഷകനായ മമത റാണി സുപ്രീംകോടതിയെ സമീപിച്ചത്. സമീപകാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സമഗ്രമായ സുരക്ഷാ പരിശോധന പൂര്‍ത്തിയാകുന്നത് വരെ ബോയിംഗ് വിമാനങ്ങള്‍ പറത്തുന്നത് തടയണം.

വ്യോമയാന രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സ്വതന്ത്രമായ ഒരു സമിതി രൂപീകരിച്ച് വിമാനങ്ങളുടെ സാങ്കേതിക നിലവാരം പരിശോധിക്കണം. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഈ വിഷയത്തില്‍ കര്‍ശനമായ മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ബോയിംഗ് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ പലപ്പോഴും എന്‍ജിന്‍ തകരാറുകളും സാങ്കേതിക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് ഹര്‍ജിക്കാരി വാദിക്കുന്നു. നേരത്തെ വിമാനയാത്രാ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പുതിയ ഹര്‍ജിയില്‍ വരും ദിവസങ്ങളില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും വിശദീകരണം തേടിയേക്കും.