ദില്ലി: ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനം ഇനിയും ദില്ലിയില്‍ നിന്നും പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ഇതോടെ ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

ഒരു രാത്രി മുഴുവന്‍ വിമാനം വൈകിയിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ലെന്ന് യാത്രക്കാര്‍ വിമര്‍ശിച്ചു. രാവിലെ ആറ് മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നിട്ടില്ലെന്നും വിമാനത്തിലെ യാത്രക്കാരിയായ ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനം വൈകുന്നതിനുള്ള കാരണം എന്താണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.