അലഹബാദ്: സ്വന്തമായി ചെലവുകൾ വഹിക്കാൻ തക്ക മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രതിമാസം 36,000 രൂപ ശമ്പളമുള്ള ഭാര്യക്ക് 5,000 രൂപ ജീവനാംശം നൽകാൻ നിർദ്ദേശിച്ച ഫാമിലി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഉത്തർപ്രദേശ് സ്വദേശിയായ അങ്കിത് സാഹയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഈ വിധി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സീനിയർ സെയിൽസ് കോർഡിനേറ്ററായ യുവതിക്ക് പ്രതിമാസം 36,000 രൂപ വരുമാനമുണ്ടെന്ന് കോടതി കണ്ടെത്തി. നിരക്ഷരയാണെന്നും തൊഴിൽരഹിതയാണെന്നും യുവതി തെറ്റായി വാദിച്ചെങ്കിലും, അവർ ബിരുദാനന്തര ബിരുദധാരിയാണെന്നും കോടതിക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നു.

സ്വന്തം വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്ത ഭാര്യമാർക്ക് വേണ്ടിയുള്ളതാണ് ജീവനാംശം എന്നും, മറ്റ് സാമ്പത്തിക ബാധ്യതകളില്ലാത്ത ഭാര്യക്ക് 36,000 രൂപ തുച്ഛമായ തുകയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഭർത്താവിന് പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന കാര്യവും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ വിധി.