ഹൈദരാബാദ്: പുഷ്പ 2 ചിത്രത്തിന്റെ പ്രദര്‍ശനവേദിയായ സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ് ധനസഹായം നൽകുന്നത്. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്. രേവതിയുടെ മകന്‍ ശ്രീതേജ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴും.