ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഉടന്‍ വാദം കേള്‍ക്കും. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററില്‍ താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (ഒമ്പത്) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ അല്ലു, തീയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും സുരക്ഷാ സംഘത്തിനും തീയറ്റര്‍ മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.