ചിക്കമംഗളൂരു: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന പിന്നാലെ കാടിനുള്ളിൽ കുഴിച്ച് മൂടിയ നിലയിൽ ആയുധങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് പോലീസ് കണ്ടെത്തിയത് എ കെ 56 റൈഫിൾ, 303 റൈഫിൾ, ബോർ ബാരൽ തോക്കുകൾ, നാടൻ തോക്കുകൾ, തിരകൾ.

ജയപുര പൊലീസ് വെള്ളിയാഴ്ചയാണ് ചിക്കമംഗളൂരുവിലെ കാട്ടിൽ കുഴിച്ചിട്ട ആയുധങ്ങൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ കീഴടങ്ങിയ നക്സലുകളുടേതാണ് ഈ ആയുധ ശേഖരമെന്നാണ് വിവരങ്ങൾ.

വിവിധ ഇനങ്ങളിലായുള്ള 15 തോക്കുകളും ഇവരുടെ തിരകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ആംസ് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് സംഭവത്തിൽ കേസ് എടുത്തതായാണ് ജയപുര പോലീസ് പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധ ശേഖരം കണ്ടെത്തിയതെന്നാണ് പോലീസ് വിശദമാക്കുന്നത്. കീഴടങ്ങിയ നക്സലുകൾ വനമേഖലയിൽ മറ്റ് ഭാഗങ്ങളിൽ ആയുധങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആറ് നക്സലുകൾ കീഴടങ്ങിയത്. ഇവരെ ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.