ഗുവാഹത്തി: തെക്കൻ അസമിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിയെത്തുടർന്ന് ബരാക്, കുഷിയാര നദികൾ കരകവിഞ്ഞൊഴുകിയതോടെ 22,000-ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഗോലാഘട്ട് ജില്ലയിൽ നിന്നാണ് രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ബരാക്, കുഷിയാര നദികൾക്കു പുറമെ ദിഖൗ, ദിസാംങ്ങ്, ധൻസിരി തുടങ്ങിയ ബ്രഹ്മപുത്ര നദിയുടെ പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ നിരവധിപ്പേർ പ്രളയത്തിൽ ദുരിതത്തിലായി.

നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് (NEEPCO) ഡാംഡിഹോംജലവൈദ്യുത പദ്ധതിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് പ്രളയത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഇതുവരെ 4548 പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവർക്കായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽനിന്നു നിരവധിപ്പേരെയും കന്നുകാലികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.