- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കൽ കേസ്; റെയ്ഡിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്; സംഭവം ദില്ലിയിലെ ബിജ്വാസനിൽ
ദില്ലി: ദില്ലിയിലെ ബിജ്വാസനിൽ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന് നേരെ ആക്രമണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. യുഎഇ ആസ്ഥാനമായുള്ള പിഐപിഎൽ പേയ്‌മെൻ്റ് അഗ്രഗേറ്ററുമായി ബന്ധപ്പെട്ട സൈബർ ആപ്പ് തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കേസിലെ പ്രതികളായ അശോക് ശർമ്മയും സഹോദരനും ചേർന്നാണ് ഇഡി സംഘത്തെ ആക്രമിച്ചത്. ആക്രമണ സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരു എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർക്ക് നിസ്സാര പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ നൽകിയെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ , ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് എന്നിവയിൽ നിന്ന് നിരവധി സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതിന് ശേഷമാണ് ഓൺലൈൻ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണവും തുടർന്നുള്ള റെയ്ഡുകളും ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടൻ്റുമാരാണ് മുഴുവൻ ശൃംഖലയും നിയന്ത്രിക്കുന്നതെന്നും തിരച്ചിൽ ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.