ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ അവഗണിച്ച് സമാധാനം പുലർത്തണമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അഭ്യർത്ഥിച്ചു. സ്ഫോടനം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ മാത്രം പരിഗണിക്കണമെന്നും, സർക്കാർ, പോലീസ് എന്നിവ നൽകുന്ന വാർത്തകളിൽ വിശ്വസിക്കണമെന്നും അവർ എക്സ് (മുൻ ട്വിറ്റർ) വഴിയുള്ള കുറിപ്പിൽ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത് പരിഭ്രാന്തി സൃഷ്ടിച്ച സ്ഫോടനം ഒരു ഭീകരാക്രമണമാണെന്ന് പോലീസ് സൂചന നൽകുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ, ഇൻ്റലിജൻ്റ് സ്ഫോടക വസ്തു (IED) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പ്രാഥമിക വിവരങ്ങൾ പറയുന്നു.

വൈകിട്ട് 6.55 ഓടെയാണ് സംഭവം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണ്ണമായും കത്തിനശിച്ചു. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവം കൂടുതൽ ആശങ്കയുയർത്തിയിട്ടുണ്ട്.