കോട്ദ്വാർ: ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ 'ബാബ' എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലി ബജ്‌റംഗ് ദൾ പ്രവർത്തകരും കടയുടമയും തമ്മിൽ നടന്ന വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ പരിഹാരമായി. മുഹമ്മദ് ഷൊയ്ബിന്‍റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് നിലവിലുള്ള പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകി. പ്രതിഷേധങ്ങൾക്കിടെ 'എന്‍റെ പേര് മുഹമ്മദ് ദീപക്' എന്ന് പ്രതികരിച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ജിം ഉടമ ദീപക് കുമാറിനെതിരെ കേസെടുക്കുകയും, തന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

പ്രദേശത്തെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രവുമായി സാമ്യമുള്ള 'ബാബ' എന്ന പേര് ഒരു മുസ്ലീം വ്യാപാരി ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനങ്ങൾ സംഘർഷങ്ങളിലേക്കും തെരുവുപ്രതിഷേധങ്ങളിലേക്കും വഴിമാറിയിരുന്നു.

ജനുവരി 28-ന് പ്രതിഷേധക്കാർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഈ സമയത്താണ് ജിം ഉടമയായ ദീപക് കുമാർ ഇടപെട്ടത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്ത ദീപക്, തന്റെ പേര് എന്താണെന്ന് ചോദിച്ചവരോട് "എന്‍റെ പേര് മുഹമ്മദ് ദീപക് എന്നാണ്" എന്ന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദീപക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഹിന്ദുവായ താൻ തന്‍റെ മതത്തിൽ അഭിമാനിക്കുന്നുണ്ടെങ്കിലും അതിനുമുമ്പ് താനൊരു ഇന്ത്യക്കാരനാണെന്നും, രാജ്യത്തെ ജനങ്ങൾ പരസ്പരം ശത്രുക്കളായി കണ്ടാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സംഘർഷം കനത്തതോടെ ജനുവരി 31-ന് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ വലിയൊരു വിഭാഗം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. ദീപക്കിനെതിരെ നടപടി വേണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും ഉത്തർപ്രദേശുമായുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. ക്രമസമാധാനം തകർത്തതിനും വർഗീയ സംഘർഷത്തിന് ശ്രമിച്ചതിനും 40-ഓളം പേർക്കെതിരെയും, പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ദീപക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒടുവിൽ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം പരിഹരിച്ചത്. ഷൊയ്ബിന്‍റെ കട 'ബാബ' എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എസ്.പി ചന്ദ്രമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി. അതേസമയം, വിവാദങ്ങളെത്തുടർന്ന് തന്റെ ജിം അടച്ചിടേണ്ടി വന്നതായും കുടുംബത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പ്രതികരിച്ചു. നിലവിൽ കോട്ദ്വാറിലെ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും, ഈ വിഷയത്തിൽ കേസെടുക്കപ്പെട്ടവരുടെ ഭാവിയും ദീപക്കിന്‍റെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ തുടരുകയാണ്.