ഭോപ്പാൽ : സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.) ശാഖയിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് ജീവനക്കാർക്കും കസ്റ്റമർമാർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ദാതിയയിലെ തരട്ടിലുള്ള ബാങ്ക് ശാഖയിലാണ് സംഭവം.

ബാങ്കിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയതോടെ ജീവനക്കാർ പരിഭ്രാന്തരായി കസേരകളിലും കൗണ്ടറുകൾക്ക് മുകളിലേക്കും കയറി. ജീവനക്കാർ പേടിച്ച് പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബഹളങ്ങൾക്കിടയിലും പാമ്പ് തറയിലൂടെ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒടുവിൽ, ഒരു ജീവനക്കാരൻ വൈപ്പർ ഉപയോഗിച്ച് പാമ്പിനെ പുറത്തേക്ക് തള്ളിമാറ്റാൻ ശ്രമിച്ചു. ഈ രംഗം മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാമ്പ് കയറിയതിനെ തുടർന്ന് ബാങ്കിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടെങ്കിലും ആർക്കും പരിക്കേൽക്കാതെ പാമ്പിനെ പുറത്താക്കാൻ കഴിഞ്ഞു.