കൊല്‍ക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ഭൂഗര്‍ഭ സംഭരണികളില്‍ വന്‍ തോതില്‍ നിരോധിത കഫ് സിറപ്പുകള്‍ കണ്ടെത്തി. 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പാണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. നിരോധിത കഫ് സിറപ്പായ ഫെന്‍സഡിലിന്റെ 62,200 കുപ്പികളാണ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 2:45 ഓടെ മജ്ദിയ ടൗണിനടുത്തുള്ള നഘാട്ടയില്‍ ഫെന്‍സഡില്‍ കുപ്പികള്‍ വന്‍ തോതില്‍ ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികള്‍ പിടിച്ചെടുത്തത്.

പരിശോധനയില്‍ മൂന്ന് ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍ കണ്ടെത്തി. രണ്ട് ടാങ്കുകള്‍ പുല്ലുകള്‍ വളര്‍ന്ന് മൂടിയ നിലയിലായിരുന്നു. ടാങ്കുകളില്‍ ഫെന്‍സഡില്‍ കുപ്പികള്‍ പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മരുന്ന് കുപ്പികള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.