സംഭാല്‍: ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഗുല്‍ഫാം സിങ് യാദവിനെ (60) വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിങ്കളാഴ്ചയാണു സംഭവം. വിഷം കുത്തിവച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞെന്ന് ഗുന്നൗര്‍ സര്‍ക്കിള്‍ ഓഫിസര്‍ ദീപക് തിവാരി പറഞ്ഞു. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുല്‍ഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്.

നേതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു അക്രമികള്‍. സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു പിന്നാലെ യാദവില്‍നിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പി കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു.

2004ല്‍ ഗുന്നൗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി ടിക്കറ്റില്‍ യാദവ് മത്സരിച്ചിരുന്നു. വെള്ളം നല്‍കിയതിനു പിന്നാലെ മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെല്‍മറ്റും സിറിഞ്ചും ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.