ഭുവന്വേശ്വര്‍: വന്‍ തുക കൈക്കൂലി വാങ്ങിയ ഒഡീഷയിലെ ഭുവനേശ്വര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡെപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍. ചിന്തന്‍ രഘുവന്‍ശി എന്നയാളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറാണ് ഇയാള്‍.

പ്രാദേശിക ഖനി വ്യവസായിയില്‍നിന്ന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇയാള്‍ 20 ലക്ഷം രൂപ ആദ്യ ഗഡുവായി കൈപ്പറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ നിന്ന് ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് 50 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടത്.

ഇതോടെ, വിവരം വ്യാപാരി സി.ബി.ഐയെ അറിയിച്ചു. ഇയാളുടെ ഓഫീസില്‍നിന്ന് കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി. ഇയാളിപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലാണ്.