ലക്നൗ: വിവാഹം കഴിഞ്ഞതിന് പിന്നാലെ വരന്റെ വീട് ഉപേക്ഷിച്ച് വധു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം നടന്നത്. വിശാല്‍ മധേസിയ എന്നയാള്‍ നവംബര്‍ 25നാണ് പൂജയെ വിവാഹം കഴിച്ചത്. അന്ന് വൈകുന്നേരം ഏഴ് മണിയോടെ വധു വരന്റെ വീട്ടിലെത്തി. പിന്നാലെ വരന്റെ മുറിയിലേക്ക് പോയ യുവതി 20 മിനിട്ടുകള്‍ക്ക്‌ശേഷം തിരികെവന്ന് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു.

ആദ്യം എല്ലാവരും ഇതൊരു തമാശയാണെന്നാണ് കരുതിയത്. കാരണം ചോദിച്ചിട്ടും പൂജ പറയാന്‍ തയ്യാറായില്ല. 'എന്റെ മാതാപിതാക്കളെ വിളിക്കൂ. ഞാന്‍ ഇവിടെ താമസിക്കില്ല' - എന്നാണ് യുവതി ആവര്‍ത്തിച്ച് പറഞ്ഞത്.

പിന്നാലെ വിശാല്‍ വധുവിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും പൂജ തന്റെ നിലപാട് മാറ്റിയില്ല. തുടര്‍ന്ന് നവംബര്‍ 26ന് പഞ്ചായത്ത് യോഗം കൂടി അഞ്ചുമണിക്കൂറോളം വിഷയം ചര്‍ച്ച ചെയ്തു.പ്രശ്‌നം പരിഹരിക്കാതെ വന്നതോടെ ദമ്പതികള്‍ വിവാഹമോചനം തേടാന്‍ പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.

വിവാഹസമത്ത് കൈമാറിയ എല്ലാ സമ്മാനങ്ങളും പണവും ഇരുകുടുംബങ്ങളും തിരികെ നല്‍കി. അന്ന് വൈകുന്നേരം ആറ് മണിയോടെ പൂജ സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹത്തിന് മുന്‍പ് ഒരിക്കല്‍പോലും താല്‍പര്യമില്ലെന്ന് പൂജ പറഞ്ഞില്ലെന്നും യുവതിയുടെ പേരില്‍ കേസ് നല്‍കിയിട്ടില്ലെന്നും വിശാല്‍ വ്യക്തമാക്കി.