- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിയുടെ നിയന്ത്രണം തെറ്റിയതും നേരെ മറിഞ്ഞ് വീണത് ത്രിശൂലി നദിയിലേക്ക്; നേപ്പാളിനെ ഞെട്ടിച്ച് ബസ് അപകടം; പതിനെട്ട് പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവർ ആശുപത്രിയിൽ

കാഠ്മണ്ഡു: നേപ്പാളിൽ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് ബസിൽ 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി വെളിപ്പെടുത്തി. നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാത്രി സമയമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗജൗരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. പ്രിഥ്വി രാജ്മാർഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ഈ ടൂറിസ്റ്റ് ബസ് പൊഖാറയിൽ നിന്ന് യാത്ര തിരിച്ചത്. ബസ് ഉടമയായ ഓം കുമാർ ശ്രേഷ്ഠ അപകടസമയത്ത് ബസിലുണ്ടായിരുന്നതായും അപകടത്തിൽ മരണപ്പെട്ടതായും വിവരമുണ്ട്. ബസിന്റെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.


