ഭീംതാൽ: ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. ബസിന് നിയന്ത്രണം നഷ്ടമായതെങ്ങനെയെന്ന് വ്യക്തമല്ല. കുത്തനെയുള്ള പ്രദേശമായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെയുള്ള തോട്ടിലേക്ക് വീണതിനെ തുടർന്ന് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചുവീണു. രക്ഷപ്പെടുത്തിയവരെ ഭീംതാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നേ പ്രഥമശുശ്രൂഷ നൽകിയിരുന്നു. നിലവിൽ 24 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇപ്പോഴും തുടരുകയാണ്. കയർ ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിച്ചത്. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. ഭീംതലിന് സമീപം ബസ് അപകടത്തിൽപ്പെട്ട വാർത്ത വളരെ ദുഃഖകരമാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിന് പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.