ലുധിയാന: ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിൽ പ്രതികാരമായി സഹായികളുമായി എത്തി വീട്ടുകാരെ ക്രൂരമായി ആക്രമിച്ച് ആഭരണവും പണവും കവർന്നു. സംഭവത്തിൽ മുൻപ് വീട്ടുജോലിക്കാരിയായിരുന്ന ശാന്തിക്കും തിരിച്ചറിയാവുന്ന 17പേരടക്കം 30പേർക്കെതിരെ കേസ് എടുത്തു.

പഞ്ചാബിലെ ലുധിയാനയിലെ ശാന്തവിഹാറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സന്ത് വിഹാറിലെ അമിത് കട്ടരിയയുടെ (44) പരാതിയിലാണ് ഹൈബോവൽ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഏതാനും വർഷമായി അമിത് കട്ടാരിയയുടെ വീട്ടിലായിരുന്നു ശാന്തി ജോലി ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്റെ മകളുമായി വീട്ടുജോലിക്കാരി വാക്കു തർക്കത്തിലായി. ഇതിനിടെ പരാതിക്കാരന്റെ മകളുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. മകൾ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു.

ഇതോടെയാണ് ശാന്തിയോട് ജോലിയിൽ തുടരേണ്ടതില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെ ശാന്തിയും മകനും സഹായികളും അമിത് കട്ടാരിയയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടുകാരനേയും ഭാര്യയേയും രണ്ട് പെൺമക്കളേയും ക്രൂരമായി ഉപദ്രവിച്ച സംഘം വീട്ടിലുണ്ടായിരുന്ന കാശും ആഭരണങ്ങലും ഉൾപ്പെടെ കൊള്ളയടിച്ച ശേഷമാണ് മടങ്ങിപ്പോയത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും ഇവർ തട്ടിയെടുത്തു.