ഹൈദരാബാദ്: ഇന്നാണ് പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 റിലീസ് ചെയ്തത്. റിലീസിനിടെ നാടകീയ സംഭവങ്ങളാണ് തിയറ്ററുകളിൽ അരങേറിയത്. അതിൽ വളരെ ദാരുണമായ സംഭവമായിരുന്നു അല്ലുവിനെ കാണാന്‍ തടിച്ചുകൂടിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരു വീട്ടമ്മ മരിച്ചത്.

ഉടന്‍ തന്നെ പോലീസെത്തി അവർക്ക് സിപിആർ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയാണ് 39കാരിയായ രേവതിയാണ് മരിച്ചത്. ഇവരുടെ മകനും ഇപ്പോൾ ഗുരുതരവസ്ഥയിൽ തുടരുകയാണ്.

ഇപ്പോഴിതാ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പോലീസ് കേസെടുത്തത്.

അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ആ വിവരം പോലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പോലീസ് വ്യക്തമാക്കി. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വൻതോതിൽ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.

രാവിലെ ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തു. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറയുന്നു.