ഡൽഹി: ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. വടക്കുകിഴക്കൻ ഡൽഹിയിലെ ശ്രീരാം കോളനിയിലെ നഗർ നിഗം ​​സ്‌കൂളിലെ അധ്യാപകനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി 17 നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് പോലീസിന് വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അധ്യാപകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അധ്യാപകന്‍റെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരന്‍റെ ചെവിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ മാതാവ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകൾ ഉണ്ടായിരുന്നില്ല.

തുടർന്ന് പോലീസ് അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു.