മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. ദമ്പതികളുടെ സ്ഥാപനമായിരുന്ന ബെസ്റ്റ് ഡീല്‍ ടി.വി പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പെന്നാണ് ആരോപണം.

2015നും 2023നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ലോട്ടസ് ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടര്‍ കോത്താരിയാണ് പരാതി നല്‍കിയത്. രാജേഷ് ആര്യ എന്ന വ്യക്തിയാണ് തനിക്ക ദമ്പതികള്‍ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു.

അന്ന് അവര്‍ ഹോം ഷോപ്പിങ്, ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടി.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്നു. ആ സമയത്ത് കമ്പനിയുടെ 87.6% ഓഹരികളും ദമ്പതികളുടെ കൈവശമായിരുന്നു. ദമ്പതികള്‍ ആദ്യം 12% പലിശക്ക് 75 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഉയര്‍ന്ന നികുതി ഒഴിവാക്കുന്നതിനായി ഒരു നിക്ഷേപമായി ഫണ്ട് ഉപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പുനല്‍കിയെന്നും കോത്താരി അവകാശപ്പെട്ടു.

2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും അദ്ദേഹം പറയുന്നു. എന്നാല്‍ 2016 സെപ്റ്റംബറില്‍ അവര്‍ ബെസ്റ്റ് ഡീല്‍ ടി.വിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു. രാജേഷ് ആര്യ എന്ന ഇടനിലക്കാരന്‍ വഴി തന്റെ പണം തിരിച്ചുപിടിക്കാന്‍ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് കോത്താരി ആരോപിച്ചു.