ഗുവാഹത്തി: ഫെയ്‌സ്ബുക്കില്‍ കമന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണര്‍ വര്‍നാലി ദേക മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവര്‍ത്തി എന്ന യുവാവ് സ്‌മൈലി ഇമോജി ഇട്ടതിനാണ് കേസെടുത്തിരിക്കുന്നത്.

വര്‍നാലി ദേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമിതിനെ തന്റെ വീടിന് 273 കിലോമീറ്റര്‍ അകലെയുള്ള കൊക്രാജര്‍ കോടതിയിലേക്ക് വിളിച്ചുവരുത്തി. സൈബര്‍ സ്‌പെയ്‌സില്‍ ശല്ല്യം ചെയ്‌തെന്നും അപകീര്‍ത്തികരമായ കമന്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അമിത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് വര്‍നാലി കേസ് നല്‍കിയത്.

വര്‍നാലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നരേഷ് ബരുവ എന്ന വ്യക്തിയാണ് 'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന് കമന്റ് ചെയ്തത്. ഈ കമന്റിന് പ്രതികരണമായി അമിത് ലാഫിങ്‌ ഇമോജി ഇടുകയായിരുന്നു. ബരുവയുടെ കമന്റിന് താഴെ 'നിങ്ങളുടെ പ്രശ്‌നം എന്താണ്?' എന്ന് വര്‍നാലി തിരിച്ച് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അമിതിനേയും ബരുവയേയും കൂടാതെ അബ്ദുല്‍ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി കേസ് നല്‍കിയിട്ടുണ്ട്.

തന്റെ പോസ്റ്റിന്റേയും അതിന് താഴെ വന്ന കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ വര്‍നാലിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. തന്നെ അധിക്ഷേപിക്കുന്നതിന് പകരം ജോലിയില്‍ ശ്രദ്ധിക്കൂവെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും വര്‍നാലി അമിതിന് മുന്നറിയിപ്പ് നല്‍കുന്നതും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.