ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 2025-26 അക്കാദമിക് സെഷനില്‍ എല്ലാ 10, 12 ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ ഇത് പാലിക്കണമെന്നും സിബിഎസ്ഇയുടെ പുതിയ ഉത്തരവില്‍ പറയുന്നു.

പഠനവുമായി ബന്ധപ്പെട്ട് അച്ചടക്കം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സിബിഎസ്ഇയുടെ നടപടി. പ്രത്യേക ഇളവുകള്‍ക്ക് യോഗ്യത നേടുന്നില്ലെങ്കില്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ ബോര്‍ഡ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ആരോഗ്യകരമായ അടിയന്തര സാഹചര്യങ്ങള്‍, മരണം, അംഗീകൃത ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കല്‍ എന്നിവയിലാണ് കുറഞ്ഞത് 75 ശതമാനം ഹാജര്‍ എന്ന നിബന്ധനയില്‍ നിന്ന് ഇളവ് നല്‍കുക. എന്നാല്‍ ഇത് തെളിയിക്കുന്നതിന് രേഖകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഹാജര്‍ രേഖകളിലെ പൊരുത്തക്കേടുകള്‍ അനുവദിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഹാജര്‍ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനോ കൃത്രിമം കാണിക്കുന്നതിനോ എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിബിഎസ്ഇ സൂചിപ്പിച്ചു. രേഖാമൂലമുള്ള അഭ്യര്‍ത്ഥനയില്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഹാജര്‍ മാനദണ്ഡങ്ങളെക്കുറിച്ചും പാലിക്കാത്തതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാജര്‍ കുറവാണെങ്കില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി മാതാപിതാക്കള്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കാനും സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ട്. മെഡിക്കല്‍ ലീവ് അപേക്ഷകള്‍ക്കൊപ്പം സര്‍ക്കാര്‍ അംഗീകൃത ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. അവധി ലഭിച്ച ഉടന്‍ തന്നെ അത്തരം എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.