ന്യൂഡല്‍ഹി: കുട്ടിക്കടത്ത് തടയാന്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചതിന് പിന്നാലെ 964 കുട്ടികളെ രക്ഷപ്പെടുത്താനായെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. കമീഷന്റെ ആന്റി-ചൈല്‍ഡ് ട്രാഫിക്കിങ് സെല്ലിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി നടത്തിയ ഇടപെടലുകളാണ് കുട്ടികളുടെ മോചനത്തിന് വഴിവെച്ചതെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാറിലെ സരണ്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ അശ്ലീല നൃത്തമവതരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായുള്ള പരാതിയെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 17 കുട്ടികളെ രക്ഷപ്പെടുത്തിയതായും കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് കമീഷന്റെ വാര്‍ത്താക്കുറിപ്പ്. കുട്ടിക്കടത്ത് തടയുന്നതില്‍ ബന്ധപ്പെട്ട കമ്മീഷനുകള്‍ക്ക് കാര്യമായ ഇടപെടാനായിട്ടില്ലെന്നായിരുന്നു വിമര്‍ശനം.

2020 മുതല്‍ ഏകദേശം 36,000 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്‍പ്പുകല്‍പിക്കാത്ത വിചാരണകളുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈകോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയുണ്ടായി.