ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്കെതിരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പ്രാക്ടീസ് വിലക്കി. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റേതാണ് തീരുമാനം. അടിയന്തരമായി അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ മെമ്പര്‍ഷിപ്പ് റദ്ദാക്കുകയാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

ഇയാളുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് റദ്ദാക്കുകയാണെന്നും ഇതിനുള്ള നിര്‍ദേശം സുപ്രീംകോടതി സെക്രട്ടറി ജനറലിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ തനിക്ക് ഒരു ഭയവും കുറ്റബോധവുമില്ലെന്ന് അഭിഭാഷകനായ പ്രതി രാകേഷ് കിഷോര്‍ പറഞ്ഞിരുന്നു. കോടതിക്ക് അകത്തുണ്ടായ സംഭവത്തില്‍ ക്ഷമാപണം നടത്തില്ല. ദൈവിക പ്രേരണയിലാണ് ചെയ്തത്. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയാറാണെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പ്രതി പറഞ്ഞു.

സനാതന ധര്‍മവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ, 'തല പുനഃസ്ഥാപിക്കാന്‍ പോയി വിഗ്രഹത്തോട് പ്രാര്‍ഥിക്കൂ' എന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചതാണ് തന്നെ വേദനിപ്പിച്ചത്. നൂപുര്‍ ശര്‍മയുടെ കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍, അവര്‍ അന്തരീക്ഷം ദുഷിപ്പിച്ചെന്ന് കോടതി പറഞ്ഞു. സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ സുപ്രീംകോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നു. ഹരജിക്കാര്‍ക്ക് ആശ്വാസം നല്‍കിയില്ലെങ്കിലും അവരെ പരിഹസിക്കരുത്. മറ്റു മതവിശ്വാസികളുടെ കേസ് പരിഗണിക്കുമ്പോള്‍ കോടതി ഇത്തരം പ്രതികരണം നടത്താറില്ലല്ലോ? ഹല്‍ദ്വാനിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഈ കോടതി സ്റ്റേ അനുവദിച്ചപ്പോള്‍ ഇങ്ങനെ പ്രതികരിച്ചിട്ടില്ല. ഞാന്‍ ഭയപ്പെടുന്നില്ല, ഖേദിക്കുന്നുമില്ല.