കൊൽക്കത്ത: ജെസിബി ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബുധനാഴ്ച രാവിലെ തെക്കൻ കൊൽക്കത്തയിലെ ബാൻസ്ദ്രോണി മേഖലയിലാണ് ദാരുണ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. ജെസിബി ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ദിനേശ് നഗർ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ കുട്ടിയെ ടോളിഗഞ്ചിലെ ബംഗൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ നാട്ടുകാർ തകർത്തു. പ്രാദേശിക കൗൺസിലറുടെയും എംഎൽഎയുടെയും സാന്നിധ്യം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. അപകടം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും വിമര്ശനമുണ്ട്.

റോഡിൻറെ മോശം അവസ്ഥക്ക് കാരണക്കാരായ അധികൃതരാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പ്രതിഷേധക്കാർക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമമുണ്ടായെന്നും നാട്ടുകാർ ആരോപിച്ചു.