ന്യൂഡല്‍ഹി: പാകിസ്ഥാനുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം നടന്നത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍, ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും തിരികെ വിളിക്കാന്‍ കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികള്‍ക്കും ആഭ്യന്തരമന്ത്രി ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരോട് കര്‍ശന ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഹല്‍ഗാമില്‍ ക്രൂരമായി നിരപരാധികളെ കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി, ഓപ്പറേഷന്‍ സിന്ദൂര്‍, ചീഫ് സെക്രട്ടറി