ബംഗളൂരു: സൗത്ത് ബംഗളൂരുവിലെ ജെ.പി നഗറില്‍ കിച്ചടി തയാറാക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) അന്വേഷണത്തിനായി സ്ഥലത്തെത്തി. പ്രഷകര്‍കുക്കര്‍ പൊട്ടിത്തെറിച്ചതില് അസ്വഭാവികമായി എന്തെങ്കിലും ഉണ്ടോയെനനാണ അന്വേഷിക്കുന്നത്.

നഗരത്തിലെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി മുഹ്‌സിന്‍ ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹവും സുഹൃത്ത് സമീറും ചെറിയ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനിടെ തീ ആളിപ്പടര്‍ന്ന് കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉഗ്രശബ്ദത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റു. മുഹ്‌സിന്‍ പിന്നീട് മരണപ്പെട്ടു. സമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീ പടര്‍ന്ന് വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇരുവരും കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ്.

അതിനിടെ, സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ആദ്യം അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. പുത്തനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.