ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചരിത്രമന്ദിരം ഇനി ചരിത്രം. അത്യാധുനിക രീതിയില്‍ ഇനി കോണ്‍ഗ്രസിന് പുതിയ ആസ്ഥാനം. ദീര്‍ഘകാലചരിത്രം നിറഞ്ഞ സെന്‍ട്രല്‍ ഡല്‍ഹി അക്ബര്‍ റോഡിലെ 24ാം നമ്പര്‍ മന്ദിരത്തില്‍ നിന്ന് കോട്ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെയാണ് കോണ്‍ഗ്രസ് പുതിയ വിലാസത്തിലേക്ക് മാറുന്നത്. ഈ മാസം 15നാണ് ഉദ്ഘാടനം. ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത്.

ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനം അക്ബര്‍ റോഡിലേതായിരുന്നു. 1980ല്‍ ഇന്ദിരാഗാന്ധിയുടെ വിജയകരമായ തിരിച്ചുവരവ്, അവരുടെ കൊലപാതകം, 1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റത്, അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ പരാജയം, പി.വി നരസിംഹ റാവുവിന്റെ കാലം, സോണിയാ ഗാന്ധിയുടെ സ്ഥാനാരോഹണം, മന്‍മോഹന്‍ സിങിന്റെ യുപിഎ ഭരണം, കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി പാര്‍ട്ടിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് ഏറെ കണ്ടിട്ടുണ്ട് അക്ബര്‍ റോഡിലെ ആസ്ഥാനം.

2009 ഡിസംബറില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയുമായ സമയത്താണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിക്ക് 15 വര്‍ഷമെടുത്തു. സോണിയാ ഗാന്ധിയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും ചടങ്ങിന് എത്തും. രാജ്യത്തുടനീളമുള്ള പാര്‍ട്ടിയുടെ 400ലധികം പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1978ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ 24, അക്ബര്‍ റോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വര്‍ഷമായിരുന്നു 1978ലേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായതും അന്നായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പിളര്‍ന്നു. ഇതോടെ ഇന്ദിരാഗാന്ധിക്ക് ഓഫീസ് ഇല്ലാതെയായി.

അപ്പോഴാണ് എംപിയായ ഗദ്ദാം വെങ്കിടസ്വാമി, 24 അക്ബര്‍ റോഡില്‍ തന്റെ ഔദ്യോഗിക വസതി പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തത്. പിന്നാലെയാണ് ഇത് കോണ്‍ഗ്രസിന്റെ ആസ്ഥാനമായി അറിയപ്പെടുന്നത്. അതിനു മുന്‍പ് ജന്തര്‍മന്തര്‍ റോഡിലായിരുന്നു കോണ്‍ഗ്രസിന്റെ ആസ്ഥാനം. ആറ് നിലകളിലായാണ് പുതിയ ഓഫിസ് മന്ദിരം. എഐസിസി ഭാരവാഹികള്‍ക്കായുള്ള ഓഫിസുകള്‍ക്കു പുറമേ, കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബിജെപി ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ് അടുത്തുണ്ടെങ്കിലും കോട്ല മാര്‍ഗ് 9എ എന്ന വിലാസമാണ് കോണ്‍ഗ്രസ് സ്വീകരിക്കുക.