മുംബൈ: ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ മതം നോക്കാതെ നടപടി വേണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി കൂട്ടിച്ചേർത്തു. മുംബൈ ആന്‍റ് മഹാരാഷ്ട്ര പോലീസ് ആക്‌ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ടെന്നും കോടതി പറയുന്നു.

മതം നോക്കാതെ തന്നെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.

അസഹനീയവും ശല്യവുമാകുന്നതുവരെ ഉച്ചഭാഷിണികളെ കുറിച്ച് പൊതുവെ ആളുകൾ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് പറയുന്നു. പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളിൽ പോലീസ് നടപടി എടുക്കണം. പരാതിക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ഉണ്ടാവാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നൽകുകയും ചെയ്തു.

ശബ്ദത്തിന്‍റെ തോത് പരിശോധിക്കാൻ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സർക്കാർ പോലീസിനോട് നിർദ്ദേശിക്കണമെന്നും ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നൽകിയിട്ടുള്ള അനുമതികൾ പിൻവലിക്കാമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.