ചെന്നൈ: ചെന്നൈയിൽ റോഡിൽ നിന്ന പശു യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞു. കൊരട്ടൂർ ബാലാജി നഗറിൽ ആണ് സംഭവം. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കല്ലും വടിയും ഉപയോഗിച്ച് പശുവിനെ തുരത്തുകയായിരുന്നു. പിന്നാലെ കോർപ്പറേഷൻ ജീവനക്കാർ എത്തി പശുവിനെ സ്ഥലത്ത് നിന്ന് മാറ്റി. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കളെ നിയന്ത്രിക്കാൻ കോർപ്പറേഷൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിനെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.